അങ്കമാലി
സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെടലിനെ തുടർന്ന് അങ്കമാലി പട്ടണത്തിൽ സ്വകാര്യ ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ വൺവേ സംവിധാനം ഒഴിവാക്കി സർവീസ് തുടങ്ങി. വ്യാഴംമുതൽ ഒരാഴ്ചയായിരിക്കും ഇത്തരത്തിൽ സർവീസ് നടത്തുക. എംസി റോഡിൽ കാലടി ഭാഗത്തുനിന്ന് വരുന്ന ബസുകൾ എൽഎഫ് ആശുപത്രിയുടെ മുൻഭാഗത്തുനിന്ന് നേരെ ടൗൺ കപ്പേളവഴി ദേശീയപാതയിലെത്തി ബസ് സ്റ്റാൻഡിലേക്ക് പോകും. രാവിലെ ഒമ്പതുമുതൽ 10.30 വരെയും വൈകിട്ട് നാലുമുതൽ 5.30 വരെയും ഒഴികെയുള്ള സമയത്തായിരിക്കും ട്രയൽ റൺ. സ്വകാര്യ ബസുകളുടെ തിരക്ക് കുറയ്ക്കുന്നതിനും റണ്ണിങ് ടൈം സംബന്ധിച്ച പരാതി തീർപ്പാക്കുന്നതിനുമാണ് സർവീസ് ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞമാസം 27നും ട്രയൽ റൺ നടത്തിയിരുന്നു. മേഖലയിലെ സ്വകാര്യ ബസ് ഡ്രൈവറാണ് കൂടുതൽ ദൂരം ബസ് ഓടിക്കുന്നതിലെ വിഷമത ചൂണ്ടിക്കാട്ടി കമീഷനെ സമീപിച്ചത്.
എംസി റോഡുവഴി വരുന്ന ബസുകൾ എൽഎഫ് കവലയിൽനിന്ന് ക്യാമ്പ് ഷെഡുവഴി പോകാതെ നേരെ ദേശീയപാതയിലേക്ക് പോകുന്നതിനാൽ ഒരാഴ്ച ടിബി ജങ്ഷനിലേക്കും മിനി സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിലേക്കും പോകുന്നവർക്ക് ദുരിതമായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..