23 December Monday

സി കെ ലിജി എടത്തല പഞ്ചായത്ത് പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


ആലുവ
എടത്തല പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ മുതിരക്കാട്ടുമുകൾ 15–--ാംവാർഡ് അംഗം സി കെ ലിജിയെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. വ്യാഴം പകൽ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സി കെ ലിജിയെ പ്രസിഡന്റ്‌ സ്ഥാനാർഥിയായി പഞ്ചായത്ത്‌ അംഗം സി എച്ച് ബഷീർ നിർദേശിച്ചു. സ്ഥിരംസമിതി അധ്യക്ഷയായ അസ്മ ഹംസ പിന്തുണച്ചു.

പട്ടികജാതി വനിതാ സംവരണമായ പ്രസിഡന്റ്‌ സ്ഥാനത്ത് സി കെ ലിജിക്ക് എതിർസ്ഥാനാർഥി ഉണ്ടായിരുന്നില്ല. 21 അംഗങ്ങളിൽ എൽഡിഎഫിലെ 13 പേരും പങ്കെടുത്തു. യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. സി കെ ലിജി വരണാധികാരിയായ ആലുവ എഇഒ സനൂജ എ ഷംസു മുമ്പാകെ ചുമതലയേറ്റു. എൽഡിഎഫിലെതന്നെ പ്രീജ കുഞ്ഞുമോൻ രാജിവച്ചതിനെ തുടർന്നാണ് സി കെ ലിജിയെ പ്രസിഡന്റാക്കിയത്‌.

മുതിരക്കാട്ടുമുകൾ ജനറൽ വാർഡിൽനിന്ന്‌ ബിജെപിയിലെ രമ്യ സരീഷിനെ 52 വോട്ടുകൾക്ക്‌ പരാജയപ്പെടുത്തിയാണ് ലിജി പഞ്ചായത്ത്‌ അംഗമായത്. സിപിഐ എം മുതിരക്കാട്ടുമുകൾ ബ്രാഞ്ച് അംഗവും കെഎസ്‌കെടിയു എടത്തല ഈസ്റ്റ് വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്.
അനുമോദനയോഗത്തിൽ പ്രീജ കുഞ്ഞുമോൻ, എം എ അബ്ദുൾ ഖാദർ, അഡ്വ. റൈജ അമീർ എന്നിവർ സംസാരിച്ചു. സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, എടത്തല ഈസ്റ്റ്–-വെസ്റ്റ് ലോക്കൽ സെക്രട്ടറിമാരായ ടി ആർ അജിത്, വി ബി സെയ്തുമുഹമ്മദ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top