കൊച്ചി
മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ നടക്കുന്ന കളമശേരി കാർഷികോത്സവത്തെ നെഞ്ചേറ്റി നാട്. ഓണാഘോഷത്തിന് വേണ്ടതെല്ലാം ഏഴുനാൾ നീളുന്ന കാർഷിക പ്രദർശന–- വിപണന മേളയിലുണ്ട്. ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിയുടെ ഭാഗമായി വിവിധ സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ കാർഷികസംഘങ്ങൾ ഉൽപ്പാദിപ്പിച്ച വിഭവങ്ങളുമുണ്ട്. മണ്ഡലത്തിൽ വിളഞ്ഞ പച്ചക്കറികളും പൂക്കളുമെല്ലാം സുലഭമായ ചന്തയാണ് പ്രധാന ആകർഷണം. കൈത്തറി വസ്‌ത്രങ്ങൾ, മുള ഉൽപ്പന്നങ്ങൾ, കരകൗശലവസ്തുക്കൾ, വിവിധയിനം ഭക്ഷ്യോൽപ്പന്നങ്ങൾ എന്നിങ്ങനെ നൂറോളം സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്. രുചികരമായ വിഭവങ്ങളുമായി കുടുംബശ്രീയുടെ സമീകൃത ഭക്ഷണശാലയുമുണ്ട്.
വാങ്ങാം, കളമശേരിയിൽ
വിളഞ്ഞ പച്ചക്കറികൾ
കളമശേരി കാർഷികോത്സവത്തിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ് ജൈവപച്ചക്കറി സ്റ്റാൾ. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ 20 കൃഷിയിടങ്ങളിൽനിന്ന് വിളവെടുത്ത ഉൽപ്പന്നങ്ങളാണ് പ്രവേശനകവാടത്തിനടുത്ത് സജ്ജീകരിച്ചിട്ടുള്ളത്. 17 സഹകരണ സംഘങ്ങളിലെ നാലായിരത്തോളം കർഷകരുടെ വിളകളാണിവ. പച്ചക്കറികൾമാത്രമല്ല, പൂക്കളും വാങ്ങാം. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലിയാണ് സ്റ്റാളിലുള്ളത്. ഏത്തക്കുല, ചേന, ചീരയിനങ്ങൾ, മറ്റു പച്ചക്കറികൾ എന്നിവ തോട്ടത്തിൽനിന്ന് നേരെ ഉപഭോക്താക്കളിലേക്ക് എത്തുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..