23 December Monday

ഹൈമാസ്റ്റ് ലൈറ്റുകള്‍ അണഞ്ഞു മുതുകാട് കവല ഇരുട്ടില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


ആലുവ
മുപ്പത്തടം മുതുകാട് കവലയില്‍ വെളിച്ചംവിതറിയിരുന്ന ഹൈമാസ്റ്റ് ലൈറ്റുകള്‍ തകരാറിലായി. വഴിവിളക്കുകള്‍ മിഴിയടച്ചതോടെ രണ്ടാഴ്ചയിലേറെയായി രാത്രികളില്‍ ഇവിടം ഇരുട്ടിലാണ്. ഹൈബി ഈഡന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് അഞ്ചരലക്ഷം രൂപ ചെലവഴിച്ച് 2022 മാര്‍ച്ചിലാണ് ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. പുതിയ സംവിധാനം വന്നതോടെ പ്രദേശത്ത് മുമ്പുണ്ടായിരുന്ന ഹാലജന്‍, എല്‍ഇഡി വഴിവിളക്കുകളും ഉപേക്ഷിച്ചു. നിലവില്‍ ഹൈമാസ്റ്റ് ലൈറ്റ് തകരാറിലായശേഷം രാത്രി കച്ചവടസ്ഥാപനങ്ങളില്‍നിന്നുള്ള വെളിച്ചംമാത്രമാണുള്ളത്. നിരവധി കവര്‍ച്ചകള്‍ നടന്നിട്ടുള്ള മുതുകാട് ക്ഷേത്രഭണ്ഡാരവും സ്വകാര്യ ധനകാര്യസ്ഥാപനങ്ങളും കച്ചവടസ്ഥാപനങ്ങളുമുള്ള പ്രധാനകവലയില്‍ വെളിച്ചമില്ലാത്തത് ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്.

രാപകല്‍ വ്യത്യാസമില്ലാതെ എടയാര്‍ വ്യവസായ മേഖലയിലേക്കും കണ്ടെയ്‌നര്‍ റോഡിലേക്കുമുള്ള വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന തിരക്കേറിയ നിരത്ത് ഇരുട്ടിലായതോടെ കനത്ത അപകടഭീഷണിയിലാണ്. രണ്ടാഴ്ച പിന്നിട്ടിട്ടും ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാല്‍ വ്യാപാരികളടക്കമുള്ളവര്‍ പ്രതിഷേധത്തിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top