കൂത്താട്ടുകുളം
പാറമട അനുമതിയുടെ പേരിൽ തിരുമാറാടി പഞ്ചായത്തിനെതിരെ യുഡിഎഫ് നടത്തുന്ന സമരം രാഷ്‌ട്രീയപ്രേരിതമെന്ന് എൽഡിഎഫ് പഞ്ചായത്ത് സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ണത്തൂർ ഈറ്റാപ്പിള്ളിയിലുള്ളയാൾ നിയമാനുസൃതം പാറമട ലൈസൻസ് നേടിയത് പഞ്ചായത്തിനെതിരെ തിരിക്കാനാണ് ശ്രമം. സമരത്തിന് നേതൃത്വം നൽകുന്ന ഒന്നാംവാർഡ് കോൺഗ്രസ് അംഗം അനിത ബേബി നയിച്ച 2000–-05 കാലത്ത് യുഡിഎഫ് ഭരണസമിതി നാല് ക്രഷർ യൂണിറ്റുകളും അതിന്റെ ഇരട്ടിയോളം പാറമടകളും അനുവദിച്ചു. ലൈസൻസ് കാലാവധി തീർന്നതിനാൽ നിലവിൽ ഒരു ക്രഷർ യൂണിറ്റുപോലും പ്രവർത്തിക്കുന്നില്ല.
നിയമംപാലിച്ച് ലൈസൻസ് നേടുന്ന ക്രഷറും പാറമടയും തടയുന്ന നയം എൽഡിഎഫിനില്ല. രേഖകൾ പരിശോധിച്ച് നിയമാനുസൃതമാണെന്ന് ബോധ്യപ്പെട്ടതിനാലിണ് ഈറ്റാപ്പിള്ളിയിൽ പഞ്ചായത്ത് സെക്രട്ടറി അനുമതി നൽകിയത്. ഇത്തരം അപേക്ഷ അനുവദിക്കാതിരിക്കാനാകില്ല. എന്നാൽ, പഞ്ചായത്ത് റോഡിന്റെ കാര്യമുൾപ്പെടെ ചിലപ്രശ്‌നങ്ങൾ അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ പരിശോധിക്കാൻ പഞ്ചായത്ത് കമ്മിറ്റി ഒറ്റക്കെട്ടായി തീരുമാനിച്ചു. ഇതെല്ലാം മറച്ചുവച്ചാണ് യുഡിഎഫ് സമരവും അപവാദ പ്രചാരണവും. ഇതിനെതിരെ ശനി വൈകിട്ട് അഞ്ചിന് മണ്ണത്തൂരിൽ എൽഡിഎഫ് വിശദീകരണയോഗം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഒ എൻ വിജയൻ, അനിൽ ചെറിയാൻ, സിനു എം ജോർജ്, വർഗീസ് മാണി, ജിനു അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ്, വൈസ് പ്രസിഡന്റ് എം എം ജോർജ്, കെ കെ രാജ് കുമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..