05 December Thursday
താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക്

പറവൂരിൽ സതീശൻപക്ഷത്ത് പോര് 
രൂക്ഷം; ബാങ്ക് പ്രസിഡ​ന്റ് രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024



പറവൂർ
പ്രതിപക്ഷനേതാവ് വി ഡി സതീശ​ന്റെ മണ്ഡലത്തില്‍ കോൺഗ്രസിൽ ഗ്രൂപ്പുപോര് രൂക്ഷം. ഇഷ്ടക്കാരെ സ്ഥാനങ്ങളിൽ തിരുകിക്കയറ്റാനുള്ള സതീശ​ന്റെ നീക്കങ്ങൾക്ക് സ്വന്തം പക്ഷത്തുനിന്നുതന്നെ തിരിച്ചടി. താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡ​ന്റ് എ ഡി ദിലീപ് കുമാർ പ്രസിഡ​ന്റ് സ്ഥാനം രാജിവച്ചു. നേരത്തേ എ ഗ്രൂപ്പുകാരനായിരുന്ന ദിലീപ് കുമാർ ആറുവർഷംമുമ്പാണ് സതീശ​ന്റെ ചേരിയിലേക്ക് കളംമാറിയത്. പ്രത്യുപകാരമായി ആറുവർഷംമുമ്പ് ബാങ്ക് പ്രസിഡ​ന്റ് സ്ഥാനം നൽകി. എന്നാൽ, ഒരുവർഷംമുമ്പ് നടന്ന ബാങ്ക് തെരഞ്ഞെടുപ്പിൽ അടുത്തിടെ സതീശൻപക്ഷത്തേക്ക് ചേക്കേറിയ ഡിസിസി അംഗം കെ വി പോളിനെ പ്രസിഡ​ന്റാക്കാന്‍ സതീശന്‍ കരുനീക്കിയെങ്കിലും എതിർപ്പുകൾമൂലം നടക്കാതെപോയി.

ദിലീപ് കുമാർ വീണ്ടും പ്രസിഡ​ന്റായെങ്കിലും ബാങ്കി​ന്റെ നിയന്ത്രണം ഭരണസമിതിയിലുള്ള സംസ്ഥാന കാർഷിക ബാങ്ക് അംഗം ടി എ നവാസി​ന്റെ കൈയിലായി. നവാസും പോളും ചേർന്നാണ് ഇപ്പോൾ ബാങ്ക്‌ നിയന്ത്രിക്കുന്നത്. പ്രസിഡ​ന്റായ തന്നോട് ആലോചിക്കാതെ ഇവർ നടത്തുന്ന പ്രവർത്തനത്തില്‍ ദിലീപ് കുമാർ അസ്വസ്ഥനായിരുന്നു. സതീശനെ ഇക്കാര്യം അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്ന ആക്ഷേപവും ദിലീപ് കുമാര്‍ ഉയര്‍ത്തിയിരുന്നു. അധികാരവടംവലി രൂക്ഷമായതോടെ മൂന്നുമാസംമുമ്പ് ദിലീപ് കുമാറിനെ മാറ്റി പോളിനെ പ്രസിഡ​ന്റാക്കാൻ ശ്രമിച്ച സതീശ​ന്റെ നീക്കത്തിനെതിരെ കോൺഗ്രസ് പ്രവർത്തകര്‍തന്നെ പ്രതിഷേധിച്ചു. ആലങ്ങാട് സാധുജനസംഘം സാമ്പത്തികക്രമക്കേടിൽ പ്രതിയായ കെ വി പോളിനെ പ്രസിഡ​ന്റാക്കുന്നതിനെതിരെ സതീശ​ന്റെ ഓഫീസിനുമുന്നിൽ കോൺഗ്രസ് പ്രവർത്തകർ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.

ദിലീപ് കുമാർ രാജിവച്ചതോടെ സതീശ​ന്റെ നോമിനിയായ കെ വി പോൾ പ്രസിഡ​ന്റാകാനുള്ള സാധ്യത തെളിഞ്ഞു. ഇതോടെ കോൺഗ്രസിലെ ഭിന്നത വരുംദിവസങ്ങളിൽ ശക്തമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top