23 December Monday

കതിർ ആപ് തിരിച്ചറിയൽ കാർഡ് നിലവിലായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024


അങ്കമാലി
സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി കർഷകർക്ക് നൽകുന്ന ‘കതിർ ആപ്’ തിരിച്ചറിയൽ കാർഡിന്റെ സംസ്ഥാന വിതരണോദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ്‌ നിർവഹിച്ചു. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും കർഷകർക്ക് വേഗത്തിൽ സേവനം ലഭ്യമാക്കാനും സോഫ്റ്റ്‌വെയർ തയ്യറാക്കിയിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. പഴം, പച്ചക്കറി ഉൽപ്പാദനത്തിൽ ഓരോ ഗ്രാമവും സ്വയംപര്യാപ്തത നേടണം. കാർഷിക മേഖലയിലെ വന്യജീവിശല്യം നേരിടാൻ കൃഷിവകുപ്പ് മുൻകൈ എടുക്കും. സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും പ്രവർത്തനങ്ങൾ നേരിട്ട് കർഷകരിലേക്ക്‌ എത്തിക്കാനും ആവശ്യമായ നിർദേശങ്ങളും സേവനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കാനുമാണ് ‘കതിർ’ എന്ന പേരിൽ മെബൈൽ ആപ് നടപ്പാക്കിയിരിക്കുന്നത്‌. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കർഷക അവാർഡ്‌ ജേതാവ്‌ കാസർകോട് സ്വദേശി സത്യനാരായണയ്ക്ക് നൽകിയാണ്‌ തിരിച്ചറിയൽ കാർഡ്‌ വിതരണോദ്ഘാടനം ചെയ്‌തത്. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. കൃഷി അഡീഷണൽ ഡയറക്ടർ ബിൻസി എബ്രഹാം പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, നഗരസഭാ ചെയർമാൻ മാത്യു തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, കാർഷിക വികസന കർഷകക്ഷേമവകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, എറണാകുളം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സക്കറിയാസ് തുടങ്ങിയവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരും വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top