18 September Wednesday

ജില്ലാ ആയുർവേദ ആശുപത്രിക്ക് ഹരിതസ്ഥാപന സർട്ടിഫിക്കറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024


കൊച്ചി
ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹരിതകേരളം മിഷന്റെ ഗ്രീൻ പ്രോട്ടോകോൾ  സംവിധാനം നിലവിൽ വന്നു. ഉപയോഗിച്ച്‌ ഉപേക്ഷിക്കുന്ന വസ്തുക്കൾ ഒഴിവാക്കിയും മാലിന്യത്തിന്റെ അളവ് കുറച്ചും ജൈവമാലിന്യം പുനരുപയോഗിച്ചും അജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചും ജലത്തിന്റെ ഉപയോഗവും ഊർജസംരക്ഷണവും ഉറപ്പുവരുത്തിയുമാണ് ഹരിത പ്രോട്ടോകോൾ സർട്ടിഫിക്കറ്റിന്‌ അർഹത നേടിയത്‌. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും ‘ശുചിത്വകേരളം സുസ്ഥിര കേരളം’ എന്ന ഹരിതകേരളം മിഷന്റെ സന്ദേശത്തെക്കുറിച്ചുള്ള ബോധവൽക്കരണം നൽകിയും പരിസരശുചീകരണം പാലിച്ചുമാണ് നേട്ടം കൈവരിച്ചത്.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ ടി ജെ വിനോദ് എംഎൽഎ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാന് സർട്ടിഫിക്കറ്റ് നൽകി. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ അധ്യക്ഷനായി. എം ജെ ജോമി മുഖ്യാതിഥിയായി. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. സതീഷ്‌വാര്യർ, കെ വി ആന്റണി, സിൽവി സുനിൽ, ആന്റണി അറയ്‌ക്കൽ, എം ആർ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എസ് രഞ്ജിനി പദ്ധതി വിശദീകരിച്ചു. ഹരിതകേരളം മിഷൻ റിസോഴ്സ്‌പേഴ്സൺ നിസ്സ ജീവനക്കാർക്കും പൊതുജനങ്ങൾക്കും പദ്ധതിസംബന്ധിച്ച ബോധവൽക്കരണം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top