24 November Sunday

സപ്ലൈകോയുടെ ഓണച്ചന്തയിൽ തിരക്കോടുതിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024


കൊച്ചി
വിലക്കൂടുതലിന്റെ വർത്തമാനങ്ങളില്ല, ചെറിയ വിലയ്‌ക്ക്‌ കൈനിറയെ സാധനങ്ങൾ. സർക്കാരിന്റെ ഓണച്ചന്തകളിൽ തിരക്കോടുതിരക്ക്‌. പൊതുവിപണിയിൽ സർക്കാർ ഇടപെടൽ സജീവമായതോടെ ഓണം കെങ്കേമമാക്കാൻ വീട്ടകങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. സപ്ലൈകോ, കൺസ്യൂമർഫെഡ്‌, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഓണച്ചന്തകൾവഴി പലചരക്കും പച്ചക്കറിയും ഉപ്പേരിയും ശർക്കരവരട്ടിയുമെല്ലാം ചെറിയ വിലയിൽ ലഭിക്കുന്നു.

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ജില്ലാ ഫെയറിലാണ്‌ സാധനങ്ങൾ വാങ്ങാൻ തിരക്കേറുന്നത്‌. ശരാശരി മൂന്നുലക്ഷം രൂപയുടെ കച്ചവടമാണ്‌ ഈ കേന്ദ്രത്തിൽ നടക്കുന്നത്‌. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ഫെയറിൽനിന്ന്‌ വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ലഭിക്കുമെന്നതിനാലാണ്‌ വൻ ജനക്കൂട്ടം എത്തുന്നത്‌. 13 സബ്സിഡി സാധനങ്ങൾക്കുപുറമെ, മറ്റ് അവശ്യ ഭക്ഷ്യവസ്തുക്കളും പച്ചക്കറി, മിൽമ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. നെയ്യ്, തേൻ, കറിമസാലകൾ, ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45 ശതമാനംവരെ വിലക്കുറവും പ്രത്യേകം ഓഫറുകളുമുണ്ട്.

സാധാരണ കിഴിവുകൾ കൂടാതെ, പകൽ രണ്ടുമുതൽ വൈകിട്ട്‌ നാലുവരെ സപ്ലൈകോ ചന്തകളിൽ ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് എന്നപേരിൽ പത്തുശതമാനം കിഴിവ്‌ വേറെയും ലഭിക്കും. വിവിധ ഉൽപ്പന്നങ്ങൾക്ക് എംആർപിയേക്കാൾ 50 ശതമാനംവരെ വിലക്കുറവ് ഈ മണിക്കൂറുകളിൽ ലഭിക്കും. 14 വരെയാണ്‌ ഓണം ഫെയർ. നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള ഓണം ഫെയറുകൾ ചൊവ്വാഴ്‌ച ആരംഭിക്കും.

ഏറെ ആശ്വാസം ഈ ഓണച്ചന്ത
സാധാരണക്കാർക്ക്‌ ഒരു വീട്ടിലേക്ക്‌ ആവശ്യമായ മുഴുവൻ സാധനങ്ങളും ചെറിയ വിലയ്‌ക്ക്‌ ലഭിക്കുമെന്നതാണ്‌ സപ്ലൈകോ ഓണച്ചന്തയുടെ പ്രത്യേകതയെന്ന്‌ വൈറ്റിലയിൽനിന്ന്‌ എറണാകുളം മറൈൻഡ്രൈവിലെ ഓണച്ചന്തയിൽ എത്തിയ എൻ എം ബാബു–-കുമാരി ദമ്പതികൾ പറഞ്ഞു. ‘അരിമുതൽ പായസക്കൂട്ടുവരെയുള്ള മുഴുവൻ സാധനങ്ങളും ഞങ്ങൾ വാങ്ങി. ഓണത്തോടനുബന്ധിച്ച്‌ സർക്കാർ ഇത്തരത്തിൽ വിലക്കുറവിന്റെ ചന്തകൾ ആരംഭിക്കുന്നത്‌ ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക്‌ ഏറെ ആശ്വാസമാണ്‌’–- ഇരുവരും പറഞ്ഞു.

സാധനങ്ങൾ ലഭിച്ചത്‌ പകുതിവിലയ്‌ക്ക്‌
ഉച്ചയ്‌ക്കാണ്‌ സപ്ലൈകോയുടെ ചന്തയിൽ വന്നത്‌. പകൽ രണ്ടുമുതൽ വൈകിട്ട്‌ നാലുവരെ പത്തുശതമാനം അധികം വിലക്കുറവ്‌ ലഭിക്കുമെന്നതിനാലാണ്‌ ഈ സമയത്ത്‌ വന്ന്‌ സാധനങ്ങൾ വാങ്ങിയതെന്ന്‌ മുളവുകാട്‌ സ്വദേശിനി സിസിലി പറഞ്ഞു. 50 ശതമാനത്തിലേറെ കിഴിവാണ്‌ ഇതുവഴി ലഭിച്ചത്‌. സപ്ലൈകോയുടെ വിലക്കുറവിന്റെ ഓണച്ചന്തയിൽനിന്ന്‌ അവശ്യസാധനങ്ങൾ കഴിയാവുന്നത്ര വാങ്ങി. മുളവുകാട്ടുനിന്നുള്ള മറ്റ്‌ വീട്ടമ്മമാർക്കൊപ്പമാണ്‌ സിസിലി എത്തിയത്‌. എല്ലാവരും നിറഞ്ഞ സന്തോഷത്തിലാണെന്നും അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top