കൊച്ചി
ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിച്ച രണ്ട് അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർക്രാഫ്റ്റ്– എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) നീറ്റിലിറക്കി. ദക്ഷിണ നാവികസേനാ ഫ്ലാഗ് ഓഫീസർ കമാൻഡിങ് -ഇൻ-ചീഫ് വൈസ് അഡ്മിറൽ വി ശ്രീനിവാസിന്റെ ഭാര്യ വിജയ ശ്രീനിവാസാണ് കപ്പലുകൾ നീറ്റിലിറക്കിയത്.
സേനയ്ക്ക് കൈമാറുന്നതോടെ കപ്പലുകൾക്ക് ഐഎൻഎസ് മാൽപേ, ഐഎൻഎസ് മുൾക്കി എന്നീ പേരുകൾ നൽകും. ചടങ്ങിൽ വി ശ്രീനിവാസ് മുഖ്യാതിഥിയായി. റിയർ അഡ്‌മിറൽ സന്ദീപ് മേത്ത, കൊച്ചി കപ്പൽശാല സിഎംഡി മധു എസ് നായർ, ഭാര്യ കെ രമിത എന്നിവരും പങ്കെടുത്തു.
നാവികസേനയ്ക്ക് എട്ടു കപ്പലുകളാണ് നിർമിച്ചുനൽകുന്നതെന്നും ഇതിലൂടെ കപ്പൽശാലയ്ക്ക് ആഗോളതലത്തിൽ മുന്നേറ്റമുണ്ടാക്കാനാകുമെന്നും മധു എസ് നായർ പറഞ്ഞു. അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന അത്യാധുനിക സോണാർ സംവിധാനം ഉൾപ്പെടെ കപ്പലുകളിലുണ്ടാകും. 78 മീറ്റർ നീളവും 11.36 മീറ്റർ വീതിയുമുള്ള കപ്പലുകൾക്ക് പരമാവധി 25 നോട്ടിക്കൽ മൈൽ വേഗം കൈവരിക്കാനാകും. പൂർണമായും തദ്ദേശീയമായാണ് നിർമിച്ചത്. ആഗോളനിലവാരത്തിലുള്ള ആറ് വരുംതലമുറ മിസൈൽ കപ്പലുകൾകൂടി നിർമിക്കാൻ ധാരണയായെന്ന് വി ശ്രീനിവാസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..