22 December Sunday

ആലുവ ജില്ലാ ആശുപത്രിയിൽ 
ചികിത്സ സൂപ്പർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ആലുവയിലെ ജില്ലാ ആശുപത്രിയിൽ നവീകരിച്ച ലേബർ റൂം കോംപ്ലക്സ്


ആലുവ
ചികിത്സാരംഗത്തും രോഗീപരിചരണത്തിലും ആധുനികനിലവാരത്തിലേക്ക് കുതിക്കുകയാണ് ആലുവ ജില്ലാ ആശുപത്രി. നാഷണൽ ഹെൽത്ത് മിഷനും സംസ്ഥാന സർക്കാരും ചേർന്ന് 2.15 കോടി ചെലവഴിച്ച് നിർമിച്ച എമർജൻസി ഓപ്പറേഷൻ തിയറ്ററും നവീകരിച്ച ലേബർ റൂം കോംപ്ലക്സുമാണ് പുതുതായി രോഗികൾക്കായി തുറന്നത്.
സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ലക്ഷ്യ സ്റ്റാൻഡേഴ്സ് പ്രകാരമുള്ളതാണ് ഓപ്പറേഷൻ തിയറ്ററും ലേബർ കോംപ്ലക്സും. പൂർണമായും ശീതീകരിച്ച ഹെപ്പ ഫിൽറ്റർ സംവിധാനമുള്ള അത്യാധുനിക എമർജൻസി ഓപ്പറേഷൻ തിയറ്റർ, ലേബർ റൂം, ട്രയേജ് ഏരിയ, പോസ്റ്റ് സർജിക്കൽ റൂം, സെപ്റ്റിക്‌ ലേബർ റൂം തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓരോ മാസവും നൂറിനടുത്ത്‌ പ്രസവങ്ങളാണ് ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. പുതിയ ഓപ്പറേഷൻ തിയറ്ററും ലേബർ റൂമും വന്നതോടെ ജില്ലാ ആശുപത്രിയിൽ എത്തുന്നവർക്ക് പ്രസവസംബന്ധമായ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാകും.

ജില്ലാ ആശുപത്രിയുടെ ഒപി ബ്ലോക്ക് വിപുലീകരണത്തിനായി 4.73 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയും ലഭിച്ചു. ഒരുകോടി രൂപ ചെലവിൽ മാലിന്യസംസ്കരണ പ്ലാന്റ്‌ നിർമാണത്തിലാണ്. ലക്ഷ്യ ബ്ലോക്ക്, ഐസൊലേഷൻ വാർഡ്, ജെറിയാട്രിക് വാർഡ്, കീമോതെറാപ്പിക്ക് വിധേയരാകുന്നവർക്കുള്ള ഡേ കെയർ സംവിധാനം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ആശുപത്രിയിൽ ഒരുക്കിയത്. ആലുവ ബ്ലഡ് ബാങ്കിൽ നടപ്പാക്കിയ പ്ലേറ്റ്‌ലെറ്റ്‌ ഫെറേസിസ് സംവിധാനംവഴി രക്തദാനം ഒഴിവാക്കി ദാതാവിൽനിന്ന്‌ നേരിട്ട് പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചെടുക്കാൻ കഴിയും. ഈ സംവിധാനത്തിന്‌ ലൈസൻസ് ലഭിക്കുന്ന സംസ്ഥാന ഹെൽത്ത്‌ സർവീസിലെ ആദ്യ ബ്ലഡ്‌ ബാങ്കാണിത്. കൂടാതെ 50 കോടി ചെലവിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top