21 November Thursday

ഒറ്റയാനെ കണ്ടെത്തൂ ,
 ഐ ഫോൺ നേടൂ ; സൈബർ തട്ടിപ്പുകാരുടെ പുതിയ തന്ത്രം

ശ്രീരാജ്‌ ഓണക്കൂർUpdated: Thursday Oct 10, 2024


കൊച്ചി
കൂട്ടത്തിൽ ഒറ്റപ്പെട്ട്‌ നിൽക്കുന്ന നമ്പർ കണ്ടെത്താനുള്ള പോസ്‌റ്റുകൾ സമൂഹമാധ്യമത്തിൽ കണ്ടാൽ ഒന്ന്‌ ഉറപ്പിച്ചോളൂ. സമ്മാനം വാഗ്‌ദാനം ചെയ്ത്‌ നിങ്ങളുടെ കൈയിൽനിന്ന്‌ പണംതട്ടാനുള്ള സൈബർ തട്ടിപ്പുകാരുടെ തന്ത്രമാണിത്‌. ഉത്തരം കമന്റിൽ രേഖപ്പെടുത്താനാണ്‌ അവർ ആവശ്യപ്പെടുക.

കമന്റിട്ടാൽ ആദ്യം അവർ ലൈക്ക്‌ ചെയ്യും. നിങ്ങൾക്ക്‌ സമ്മാനമായി ഐ ഫോൺ അടിച്ചിട്ടുണ്ടെന്ന സന്ദേശം പിറകെയെത്തും. ഐ ഫോണിന്റെ ചിത്രവും നൽകും. എന്നാൽ, ഫോൺ കൈയിൽ ലഭിക്കാൻ കസ്‌റ്റംസ്‌ ഡ്യൂട്ടിയോ മറ്റു നികുതിയോ ആവശ്യപ്പെടും. ഒന്നരലക്ഷത്തിന്റെ ഐഫോണിനായി 10,000 മുതൽ 15,000 വരെ മുടക്കാൻ പലരും തയ്യാറാകും. പണം നൽകിയാൽ പിന്നെ പോസ്‌റ്റ്‌ ഇട്ടയാളുടെ പൊടിപോലുമുണ്ടാകില്ല. ഇത്തരത്തിൽ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചതായി പൊലീസും സൈബർ വിദഗ്‌ധരും മുന്നറിയിപ്പ്‌ നൽകുന്നു.

‘കണക്ക്‌ കൂട്ടി’ ഓൺലൈൻ ട്രേഡിങ്ങിലേക്ക്
‘5x3–-2–-1x2’ എന്നതിന്റെ ഉത്തരം എത്രയാണെന്ന്‌ ചോദിക്കുന്ന പോസ്‌റ്റുകളും സമൂഹമാധ്യമങ്ങളിൽ കണ്ടുവരുന്നു. ഇതിന്‌ ശരിയുത്തരം നൽകിയാലും ആദ്യം ലൈക്ക്‌ കിട്ടും. പിന്നെ നിങ്ങളുടെ ഇൻബോക്‌സിലേക്ക്‌ ഓൺലൈൻ ട്രേഡിങ്ങിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ ആരംഭിക്കും. പണം നിക്ഷേപിച്ചാൽ മൂന്നിരട്ടിവരെ ലഭിക്കുമെന്ന്‌ ട്രേഡിങ്‌ ഗുരുവിന്റെ വാഗ്‌ദാനം. അവർ നൽകുന്ന വ്യാജ ഓൺലൈൻ ട്രേഡിങ്‌ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. ഇത്‌ ഇൻസ്‌റ്റാൾ ചെയ്‌താൽ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരന്‌ ലഭിക്കും. കൂടാതെ അവർ പറയുന്ന അക്കൗണ്ടിലേക്ക്‌ പണം നൽകിയാൽ ഓൺലൈൻ ട്രേഡിങ്‌ ഗുരു അപ്രത്യക്ഷനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top