കാക്കനാട്
കാഴ്‌ചയുടെ ലോകം അന്യമെങ്കിലും ഗിരീഷ് കുട്ടന്റെ മനസ്സിൽ പാട്ടിന്റെ പൂമരങ്ങൾ പൂത്തുലയുകയാണ്. പോപ്‌കോണും പൂമരവും തൊട്ടപ്പനും എല്ലാം സംഗീതസാന്ദ്രമാക്കിയ പ്രതിഭ ‘വെള്ളേപ്പം അങ്ങാടി’യിൽ എത്തിനിൽക്കുന്നു. ഇതിൽ ഗിരീഷ് സംഗീതം നൽകിയ നാല് ഗാനങ്ങൾ തുതിയൂർ ആദർശ നഗറിലെ വീട്ടിലും ഈണങ്ങൾ നിറയ്‌ക്കും. അവിടെ അമ്മ ലീലയും ഭാര്യ ലിൻസിയും അടക്കാനാകാത്ത സന്തോഷത്തിലാണ്. ഇരുട്ടുനിറഞ്ഞ എത്രയോവഴികൾ താണ്ടിയാണ് ഈ യുവാവ് സംഗീതലോകത്ത് എത്തിയതെന്ന് അവർക്കറിയാം.
തൃശൂരിലെ പള്ളിയങ്ങാടിയിൽ വറുതികാലത്തെ ചില സംഭവങ്ങൾ ഇതിവൃത്തമാക്കിയ ‘വെള്ളേപ്പം അങ്ങാടി’ യിലെ പാട്ടുകളും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ഗിരീഷ്. ഇതിലെ, ‘മുകിൽ ചട്ടിയിൽ പകൽ മുട്ടിതാ’ ഗാനത്തിന്റെ ആവേശം വാക്കുകളിലുമുണ്ട്. ചെറുപ്പംമുതൽ എ ആർ റഹ്‌മാന്റെ കടുത്ത ആരാധകനായിരുന്നു ഗിരീഷ്. എന്നെങ്കിലും സംഗീത സംവിധായകാനാകുമെന്ന് സ്വപ്‌നംകണ്ടു. അങ്ങനെ ഗിത്താർ പഠനം നടത്തി. സുമേഷ് പരമേശ്വർ ആയിരുന്നു ഗുരു. സ്‌കൂളിലും കോളേജിലും എല്ലാം സംഗീതം ഒപ്പമുണ്ടായി.
അച്ഛനും അമ്മയും വായിച്ചുകൊടുക്കുന്നത് കേട്ടു പഠിച്ചാണ് പരീക്ഷകൾ എഴുതിയത്. പാഠഭാഗങ്ങൾ മാത്രമല്ല പൊറ്റെക്കാട്ട്, ഉറൂബ്, എം ടി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ പുസ്തകങ്ങളും അറിഞ്ഞു. തൃക്കാക്കര ഭാരതമാതാ കോളേജിൽനിന്ന് ബിരുദം നേടി. പാട്ടിന്റെ വഴികൾ തേടിയായിരുന്നു പിന്നീടും യാത്രകൾ. ബിജിബാലും ശ്യാമും അർജുനൻ മാഷുമൊക്കെ സഹായഹസ്‌തങ്ങൾ നീട്ടി. ഒടുവിൽ, ‘ഓർക്കൂട്ട് ഒരു ഓർമക്കൂട്ട്’ ചിത്രത്തിനുവേണ്ടി സംഗീത സംവിധായകനായപ്പോൾ സ്വപ്‌നങ്ങൾ പൂവണിഞ്ഞു. പോപ്‌കോൺ, പൂമരം, തൊട്ടപ്പൻ എന്നീ സിനിമകളും പിന്നാലെയെത്തി. ‘പൂമര’ത്തിൽ കൂട്ടുകാരൻ അജീഷ് ദാസൻ എഴുതിയ വരികൾക്ക് ഗിരീഷ് പകർന്ന ഈണം സംഗീത പ്രേമികൾ ഏറ്റെടുത്തു. ‘കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ’, ‘പൂമരം പൂത്തുലഞ്ഞേ’ എന്നീ ഗാനങ്ങൾ ഹിറ്റായി. 20 ചിത്രങ്ങൾക്ക് ഇതിനകം ഈണമിട്ടു. ‘വെള്ളേപ്പം അങ്ങാടി’യാണ് പുതിയചിത്രം.
ഉയർച്ചയ്‌ക്കു പിന്നിലെ, അമ്മയുടെ ത്യാഗങ്ങൾ മറക്കാൻ കഴിഞ്ഞില്ല. പേരിനൊപ്പം അമ്മയുടെ പേരുകൂടി ചേർത്തു. അങ്ങനെ, പേര് ലീല എൽ ഗിരി എന്നാക്കി. കോട്ടയം കാണക്കാരി സ്വദേശിയായ ഗിരീഷിന്റെ കുടുംബം കാക്കനാട് താമസമാക്കിയിട്ട് വർഷങ്ങളായി. പുസ്‌തകങ്ങൾ ഇന്നും ജീവനാണ്. മുമ്പ് അമ്മയാണ് പുസ്‌തകങ്ങൾ വായിച്ചു കേൾപ്പിച്ചിരുന്നത്. വിവാഹശേഷം ആ ദൗത്യം ലിൻസി ഏറ്റെടുത്തു. കാഴ്‌ചയല്ല, കാഴ്‌ചപ്പാടാണ് പ്രധാനമെന്ന ഗിരീഷിന്റെ വാക്കുകൾക്ക് പിന്നിൽ വായന പകർന്ന ശക്തിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..