22 December Sunday

വരുന്നൂ, ഐസി–-4 ; നഗരത്തിന്റെ കണ്ണാകാൻ ഈ ഒറ്റമുറി

ശ്രീരാജ‌് ഓണക്കൂർUpdated: Tuesday Dec 10, 2019



കൊച്ചി
വൻകിട നഗരങ്ങളെ നാല്‌ ചുമരുകൾക്കുള്ളിലെ സുസജ്ജമായ കൺട്രോൾ റൂമിലിരുന്ന്‌ നിയന്ത്രിക്കുന്ന കാഴ്‌ചകൾ ഹോളിവുഡ്‌ സിനിമകളിൽ മാത്രം കണ്ടിട്ടുള്ളവർ ശ്രദ്ധിക്കുക. ഗതാഗതം, സുരക്ഷാ–-നിരീക്ഷണ സംവിധാനങ്ങൾ, ദുരന്ത നിവാരണം എന്നിവയെല്ലാം  ഏകോപിപ്പിക്കുന്ന കേന്ദ്രം കൊച്ചി നഗരത്തിലും യാഥാർഥ്യമാകുന്നു. നഗരത്തെ കൂടുതൽ സ്‌മാർട്ടാക്കി ഇന്റഗ്രേറ്റഡ്‌ കമാൻഡ്‌ കൺട്രോൾ ആൻഡ്‌ കമ്യൂണിക്കേഷൻ സെന്റർ (ഐസിസിസിസി) ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ ഡിസംബർ അവസാനം സജ്ജമാകും. കൊച്ചിൻ സ്‌മാർട്ട്‌ മിഷൻ ലിമിറ്റഡിന്റെ (സിഎസ്‌എംഎൽ) പ്രധാന പദ്ധതികളിലൊന്നാണിത്‌. ഐസി 4 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സെന്റർ 10,000 ചതുരശ്ര അടിയിലാണ്‌ ഒരുങ്ങുന്നത്‌. കൊച്ചിയുടെ മുഖമുദ്രതന്നെ മാറ്റുന്ന സംവിധാനത്തിന്റെ നിർമാണച്ചെലവ്‌ 64.5 കോടി രൂപയാണ്‌.

എന്താണ് ഐസി 4
വിവിധ സർക്കാർ വകുപ്പുകളിൽനിന്ന്‌ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്ത്‌ മികച്ച നഗരാസൂത്രണത്തിന് ഉപയോഗിക്കുന്ന കേന്ദ്രീകൃത സംവിധാനമെന്ന്‌ ചുരുക്കി വിളിക്കാം. ഇവ വിലയിരുത്തി സംയോജിതമായി നിയന്ത്രിക്കുന്ന കൺട്രോൾ റൂമാണ്‌ പ്രധാനകേന്ദ്രം. മെട്രോ സ്‌റ്റേഷനിലെ കൺട്രോൾ റൂമിൽ 36 കംപ്യൂട്ടർ സ്‌ക്രീനുകൾചേരുന്ന വലിയ വീഡിയോ വാൾ ഉണ്ടാകും. ഇതിനെ നിയന്ത്രിക്കാൻ 33 പേരുണ്ടാകും. നഗരത്തെ നിരീക്ഷിക്കാൻ 124 ക്യാമറകളാണ്‌ സ്ഥാപിക്കുന്നത്‌. ആദ്യഘട്ടമെന്ന നിലയിൽ പൊലീസ്‌, ട്രാഫിക്‌, കെഎസ്‌ഇബി, കോർപറേഷൻ എന്നിവയെ ഏകോപിപ്പിച്ച്‌ പ്രവർത്തനം ആരംഭിക്കും. തുടർന്ന്‌ മറ്റു വകുപ്പുകളെ പദ്ധതിയുമായി ബന്ധിപ്പിക്കും.

നഗരത്തിൽ സ്ഥാപിക്കുന്ന ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റവും (ഐടിഎംഎസ്) പദ്ധതിയുമായി സംയോജിപ്പിക്കും. നഗരത്തിലെ പ്രധാനപ്പെട്ട  ജങ്‌ഷനുകളിലെ ഗതാഗത സംവിധാനം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനമാണ് ഐടിഎംഎസ്. നഗരത്തിലെ പ്രധാന ജങ്‌ഷനുകളിൽ 35 ക്യാമറകളാണ്‌ ഇതിനായി സ്ഥാപിക്കുക.

തെരുവുവിളക്കുകൾ മുതൽ ദുരന്തനിവാരണംവരെ
നഗരത്തിൽ എവിടെയെങ്കിലും  തെരുവുവിളക്കുകൾ കത്തുന്നില്ലെങ്കിൽ അത്‌ ഐസി–-4 വഴി കണ്ടെത്താം. ഉടൻ കെഎസ്‌ഇബിയെ വിവരമറിയിച്ച്‌ നടപടിയെടുക്കാം. എവിടെയെങ്കിലും പൈപ്പ്‌ പൊട്ടിയാൽ അത്‌ മനസ്സിലാക്കി ജല അതോറിറ്റിയെ അറിയിച്ച്‌ പരിഹരിക്കാം. ദുരന്തമുണ്ടായാൽ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കാനും ആംബുലൻസുകൾക്കും ആശുപത്രികൾക്കും മുന്നറിയിപ്പ്‌ നൽകാനും സെന്റർ നേതൃത്വം നൽകും. ദീർഘവീക്ഷണത്തോടെയുള്ള നഗരവികസന പദ്ധതികൾക്ക്‌ ഐസി -4 മുതൽക്കൂട്ടാകുമെന്ന്‌ വിദഗ്‌ധർ പറയുന്നു. പദ്ധതിയുടെ വെബ്‌സൈറ്റും മൊബൈൽ അപ്ലിക്കേഷനും പുറത്തിറക്കും. ജനങ്ങൾക്ക്‌ പരാതികളും നിർദേശങ്ങളും ഇതിലൂടെ നൽകാം. ഈ വിവരങ്ങൾ  ബന്ധപ്പെട്ട വകുപ്പുകൾക്ക്‌ കൈമാറുമെന്നും  സിഎസ്‌എംഎൽ അധികൃതർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top