തൃക്കാക്കര
വയറിളക്കവും ഛർദിയും ബാധിച്ച് കാക്കനാട് ഇൻഫോ പാർക്കിനുസമീപം ഇടച്ചിറ ഒലിവ് കോർട്ട് യാർഡ് ഫ്ലാറ്റിൽ 72 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽനിന്നാകും അണുബാധയെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിലെ കിണറുകളിലെയും ജലഅതോറിറ്റി ടാപ്പുകളിലെയും വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്‌ക്ക് അയച്ചു.
20 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു. രോഗബാധിതർ ചികിത്സയ്‌ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്. കഴിഞ്ഞ ശനിയാഴ്‌ചമുതലാണ് രോഗബാധ കണ്ടുതുടങ്ങിയത്. ഞായറാഴ്ചയും തിങ്കളാഴ്ചയും കൂടുതൽ പേർക്ക് ഛർദിയും വയറിളക്കവും ഉണ്ടായി. തൃക്കാക്കര നഗരസഭാ മെഡിക്കൽ ഓഫീസർ ഡോ. മേഘ്ന രാജ്, കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ എസ് ശശി എന്നിവരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ പരിശോധന നടത്തി. മരുന്നുവിതരണവും ആരംഭിച്ചു.
അഞ്ചുടവറുകളിലായി 400 ഫ്ലാറ്റുകളിലും ഇതിനോടുചേർന്ന് ഏതാനും വില്ലകളിലും താമസക്കാരുണ്ട്. രണ്ടാഴ്ചമുമ്പ് കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ കൂട്ടരോഗബാധ കണ്ടെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..