18 September Wednesday

സൗജന്യ മാലിന്യശേഖരണം വാഗ്‌ദാനംമാത്രം ;
 അധികാരത്തിലെത്തിയപ്പോൾ അമിത ഫീസ്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


കളമശേരി
കളമശേരി നഗരസഭയിൽ മാലിന്യനീക്കത്തിനുള്ള ഫീസ്‌ നിലവിലെ നൂറിൽനിന്ന്‌ 250 രൂപയായി ഉയർത്താൻ നീക്കം. സൗജന്യമായി മാലിന്യം ശേഖരിക്കുമെന്ന് വാഗ്ദാനംചെയ്‌ത്‌ അധികാരത്തിലെത്തിയ യുഡിഎഫ്‌ ഭരണസമിതി, പ്രതിപക്ഷം ശക്തമായ എതിർപ്പ്‌ ഉയർത്തിയതോടെ നീക്കത്തിൽനിന്ന്‌ താൽക്കാലികമായി പിന്മാറി.

തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് മാനദണ്ഡമില്ലാതെ ഫീസ് വർധിപ്പിക്കാൻ നീക്കം നടത്തിയത്. നിലവിൽ ജൈവ, അജൈവ മാലിന്യം ശേഖരിക്കുന്നതിന് 100 രൂപയാണ് ഫീസ്. ഒന്നിടവിട്ട ദിവസങ്ങളിൽ ജൈവമാലിന്യവും മാസത്തിൽ രണ്ടുതവണ പ്ലാസ്റ്റിക്കുമാണ് ശേഖരിക്കുന്നത്.

നഗരസഭ മൂന്നുകോടി രൂപ ചെലവഴിച്ച് ആവശ്യക്കാർക്ക് ബയോ കമ്പോസ്റ്റ് ബിന്നുകൾ നൽകിയിട്ടുണ്ട്. ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കാൻ ഇത്തരത്തിൽ ബിൻ നൽകിയവരിൽനിന്ന്‌ ജൈവ മാലിന്യം ശേഖരിക്കുന്നതിൽ നേരത്തേ വിമർശം ഉയർന്നതാണ്. നഗരസഭ ശേഖരിക്കുന്ന ജൈവമാലിന്യം നീക്കാൻ സ്വകാര്യ ഏജൻസിക്ക് പണം നൽകി കൈമാറുകയാണ് ചെയ്യുന്നത്. ഈ ഇനത്തിൽ വലിയ ചെലവാണ് നഗരസഭ നേരിടുന്നത്. ഹരിതകർമസേനയുടെ അക്കൗണ്ടിലുണ്ടായിരുന്ന 85 ലക്ഷം രൂപ ചെലവായിക്കഴിഞ്ഞു.

യൂസർ ഫീ ഇനത്തിൽ മറ്റ് നഗരസഭകളെ അപേക്ഷിച്ച് ചെറിയ വരുമാനമാണ് കളമശേരിക്ക് ലഭിക്കുന്നത്. മാലിന്യം ശേഖരിക്കുന്നതിന് യൂസർ ഫീ നൽകുന്ന പദ്ധതിയിൽ 11,000 കുടുംബങ്ങൾമാത്രമാണ് ചേർന്നത്. 31,000 കുടുംബങ്ങൾ ഉൾപ്പെട്ടിട്ടില്ല. വാടകയ്ക്ക് താമസിക്കുന്നവർകൂടി ഉൾപ്പെടുമ്പോൾ എണ്ണം ഇനിയും കൂടും. യൂസർ ഫീ പദ്ധതിയിൽ എല്ലാവരേയും ഉൾപ്പെടുത്തുകയും  ഉറവിടമാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. അങ്ങനെയായാൽ ഫീസ് വർധിപ്പിക്കാതെതന്നെ ഹരിതകർമസേനയുടെ വരുമാനം നന്നായി വർധിപ്പിക്കാനാകും.

തെറ്റിദ്ധരിപ്പിക്കാൻ വീണ്ടും 
കള്ളക്കണക്ക്‌; പ്രതിപക്ഷം തടഞ്ഞു
കളമശേരി ചിൽഡ്രൻസ് സയൻസ് പാർക്കിന്റെ പ്രവർത്തച്ചെലവിന്റെ പേരിൽ കള്ളക്കണക്ക് അവതരിപ്പിക്കാനുള്ള രണ്ടാമത്തെ നീക്കവും പ്രതിപക്ഷം തടഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച കണക്ക് വസ്തുതാപരമല്ല എന്നുകാട്ടി പ്രതിപക്ഷം തള്ളിയിരുന്നതാണ്. എന്നാൽ, തെറ്റ് ‘തിരുത്തി' വീണ്ടും അവതരിപ്പിച്ചതും കള്ളക്കണക്ക്.

2015 മുതൽ ഇതുവരെയുള്ള കണക്കെന്നപേരിൽ യോഗത്തിൽ വച്ചതുപ്രകാരം 2.62 കോടി രൂപ വരവും 2.32 കോടി ചെലവുമാണ്. 43 ലക്ഷം രൂപ നീക്കിയിരിപ്പും കാണിച്ചിട്ടുണ്ട്. എന്നാൽ, ചിൽഡ്രൻസ് പാർക്കിന്റെ ബാങ്ക് അക്കൗണ്ടിൽ 1.22 കോടി രൂപ നിലവിൽ ബാലൻസുണ്ട്. കണക്കിലെ പൊരുത്തക്കേട്‌ ചൂണ്ടിക്കാട്ടി വസ്തുതാപരമായ കണക്ക് അവതരിപ്പിക്കാൻ പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ രണ്ടാമത് അവതരിപ്പിച്ച കണക്കും പിൻവലിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top