കൊച്ചി
ഗൂഗിൾ പേവഴി കബളിപ്പിച്ച് പണം തട്ടുന്ന യുവാക്കളെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ തെക്കേടത്ത് ഫായിസ് (23), ആലുവ കീഴ്മാട് സ്വദേശി കാട്ടോളിപറമ്പ് ഒമർ മുക്തർ (21), പോഞ്ഞാശേരി സ്വദേശി പുത്തൻപുരയ്ക്കൽ സാബിത് (27) എന്നിവരാണ് അറസ്റ്റിലായത്.
തിങ്കൾ രാത്രി എഴുപത്തഞ്ചുകാരൻ ബസിൽ യാത്ര ചെയ്യവേ, ഈ മൂന്ന് യുവാക്കൾ അടുത്തുചെന്ന് കൈയിൽ പൈസ ഇല്ലെന്നും 1000 രൂപ ക്യാഷ് ആയി നൽകിയാൽ പകരം ഗൂഗിൾ പേ ചെയ്തുതരാമെന്നും പറഞ്ഞു. ഇതുപ്രകാരം ഗൂഗൾപേ ചെയ്യവേ യുവാക്കൾ വയോധികന്റെ പാസ്‌വേഡ് മനസ്സിലാക്കുകയും തുടർന്ന് ഫോൺവാങ്ങി 10,000 രൂപ പ്രതിയുടെ നമ്പറിലേക്ക് അയച്ച് കബളിപ്പിക്കുകയായിരുന്നു.
സംശയംതോന്നി ഫോൺ പരിശോധിച്ചപ്പോഴാണ് പണംനഷ്ടപ്പെട്ടത് അറിയുന്നത്. ഉടനെ ഒന്നാംപ്രതിയായ ഫായിസിനെ പിടികൂടി. ഇതിനിടെ മറ്റു രണ്ടു പ്രതികളും ഓടി രക്ഷപ്പെട്ടു. എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് മറ്റു രണ്ടു പ്രതികളും പിടിയിലായത്.
ഇൻസ്‌പെക്ടർമാരായ കൃഷ്ണകുമാർ, പി എസ് അനിൽ, ലാലു ജോസഫ്, സിപിഒമാരായ ഗിരീഷ്, അനീഷ്, രഞ്ജിത്, ഷൈജു, സുജീഷ്, ജിനുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..