22 December Sunday

സ്‌റ്റാളുകൾ പറയും 
സഹകരണ വിജയകഥ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024


കളമശേരി
സമഗ്ര കാർഷിക വികസനത്തിനായി മന്ത്രി പി രാജീവ്‌ മണ്ഡലത്തിൽ നടപ്പാക്കിയ ‘കൃഷിക്കൊപ്പം കളമശേരി' പദ്ധതിയുടെ വിജയഗാഥയായി കളമശേരി കാർഷികോത്സവത്തിൽ സഹകരണ ബാങ്കുകളൊരുക്കിയ സ്റ്റാളുകൾ. കർഷകന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകിയും വിപണി കണ്ടെത്തിയും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ചും മൂന്നുവർഷംകൊണ്ട് നേടിയ വിജയകഥയാണ് 17 സഹകരണ സംഘങ്ങളുടെയും സ്റ്റാളുകൾക്ക് പറയാനുള്ളത്.

വീണ്ടെടുപ്പിന്റെ 
ശർക്കരമധുരം
പഴമയുടെ പെരുമ പേറുന്ന ആലങ്ങാട്‌ ശർക്കരയുടെ വീണ്ടെടുപ്പിന്‌ സഹായിച്ചത് കൃഷിക്കൊപ്പം കളമശേരി പദ്ധതിയാണ്‌. ആലങ്ങാട് സഹകരണ ബാങ്ക് ദൗത്യം ഏറ്റെടുത്തതോടെ പത്തേക്കറിൽ കരിമ്പുകൃഷി തുടങ്ങി. ദിവസം 500 കിലോ ശർക്കര നിർമിക്കാൻ യന്ത്രസംവിധാനവുമായി. ആലങ്ങാട് കരിമ്പിൽനിന്ന് ഉൽപ്പാദിപ്പിക്കുന്നതാണ് ആലങ്ങാട് ശർക്കര. മറ്റു പ്രദേശങ്ങളിൽനിന്ന് കരിമ്പെടുത്ത് നാടൻശർക്കര വേറെയുമുണ്ടാക്കുന്നുണ്ട്. 

വാക്വം ചിപ്‌സുമായി 
കുന്നുകര ബാങ്ക്‌
കപ്പ, ഏത്തക്കായ എന്നിവയുടെ ചിപ്സ് 12 തരം രുചിക്കൂട്ടുകളിലാണ് ഇറക്കുന്നത്. ഉപയോഗിക്കുന്ന എണ്ണയുടെ അംശം വാക്വം പമ്പ് ഉപയോഗിച്ച് വലിച്ചെടുക്കുന്നതിനാൽ ആരോഗ്യപ്രശ്‌നങ്ങളുമില്ല. താങ്ങുവില നിശ്ചയിച്ചാണ് കർഷകരിൽനിന്ന്‌ ഉൽപ്പന്നം ശേഖരിക്കുന്നത്‌. ദിവസം 900 കിലോവരെ ചിപ്‌സ്‌ ഇറക്കാൻ ശേഷിയുള്ളതാണ് യൂണിറ്റ്.

മാഞ്ഞാലിയുടെ 
കൂവമഹാത്മ്യം
കൂവ കൃഷി, സംസ്കരണം, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയാണ് മാഞ്ഞാലി ബാങ്കിന്റെ  പ്രധാന പരിപാടി. പ്രാദേശിക വിളകളുടെ മൂല്യവർധിത ഉൽപ്പന്ന നിർമാണ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. ഏത്തക്കായ, കണ്ണൻകായ, ചക്ക, ചക്കക്കുരു എന്നിവയുടെ പൊടികളും കൂവപ്പൊടിയുമുണ്ട്. മില്ലറ്റ് മിക്സ്, നെല്ലിക്ക സിറപ്പ്, ചക്കവരട്ടി, മിക്സഡ് ഫ്രൂട്ട് ജാം എന്നിവയും മാഞ്ഞാലി ബാങ്കിന്റേതായുണ്ട്‌. മാമ്പഴം, പപ്പായ ഉൽപ്പന്നങ്ങളും ഇറക്കാനുള്ള ഒരുക്കത്തിലാണ് ബാങ്ക്. മഞ്ഞാലി ഉൽപ്പന്നങ്ങൾ ആമസോൺ, ഫ്ലിപ്‌കാർട്ട്, ജിമാർട്ട് എന്നിവ വഴിയും വാങ്ങാം.

കൂണുമായി 
വെളിയത്തുനാട് ബാങ്ക്
വെളിയത്തുനാട് സഹകരണ ബാങ്ക് ഏറ്റെടുത്തത് കൂൺകൃഷിയും മൂല്യവർധിത ഉൽപ്പന്നങ്ങളുമാണ്. വിളവെടുത്താൽ മണിക്കൂറുകൾ മാത്രം ആയുസുള്ള കൂൺ ഉണക്കി ഒരു വർഷംവരെ സൂക്ഷിക്കാവുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള സൗകര്യവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. സ്റ്റാളിലെ ബാങ്കിന്റെ കൗണ്ടറിൽ ഫ്രഷ് കൂണും ഡ്രൈ ചെയ്തവയുപയാേഗിച്ചുള്ള പൗഡർ, അച്ചാർ, സൂപ്പ് മിക്സ്, പായസക്കൂട്ട്, സ്മൂത്തി, പാൻകേക്ക്, ചമ്മന്തി തുടങ്ങിയവയും ലഭ്യമാണ്.

പൊക്കാളി അരിയും അരിയുൽപ്പന്നങ്ങളുമായി പള്ളിയാക്കൽ ബാങ്കിന്റെ കൈതകം ബ്രാൻഡും കോരാമ്പാടം ബാങ്കിന്റെ ഗ്രാമികയും സ്റ്റാളിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top