22 December Sunday

വയലോരം ഹോട്ടലിന്റെ
 അനധികൃതനിർമാണം പൊളിച്ചുനീക്കി

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


കരുമാല്ലൂർ
തട്ടാംപടി ഷാപ്പുപടിയിൽ നെൽവയൽ നികത്തി സ്ഥാപിച്ച വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം റവന്യു അധികൃതർ പൊളിച്ചുനീക്കി. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് നടത്തിയ അനധികൃതനിർമാണങ്ങളാണ് തഹസിൽദാരുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്. നികത്തുഭൂമിയിൽ ഹോട്ടൽ പ്രവർത്തിക്കുന്നതിനെതിരെ വ്യാപകപരാതി ഉയർന്നിരുന്നു. എംഎസ്എംഇ ലൈസൻസിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ കരുമാല്ലൂർ പഞ്ചായത്തിന് നടപടിയെടുക്കാൻ സാധിച്ചിരുന്നില്ല. പരാതി പരിശോധിച്ച ആർഡിഒ അനധികൃതപ്രവർത്തനങ്ങൾ കണ്ടെത്തുകയും കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഹോട്ടലിന്റെ എംഎസ്എംഇ ലൈസൻസ് റദ്ദാക്കി. നെൽവയൽ തണ്ണീർത്തടനിയമം ലംഘിച്ച് ഹോട്ടൽ സ്ഥാപിച്ചതിനാൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നികത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കാൻ ഉടമയോട് രണ്ടുമാസംമുമ്പ് കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിനായി 30 ദിവസത്തെ സമയം അനുവദിച്ചെങ്കിലും അനധികൃതമായി നിർമിച്ച കുറച്ചുഭാഗം മാത്രമാണ് ഉടമ പൊളിച്ചുനീക്കിയത്. ഇതാണ് റവന്യു അധികൃതർ ഇപ്പോൾ നീക്കംചെയ്തത്. ഇതിന് ചെലവായ തുക ഉടമയിൽനിന്ന് ഈടാക്കുമെന്ന് തഹസിൽദാർ പറഞ്ഞു. കരുമാല്ലൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ പലവിധ ആവശ്യങ്ങൾക്കായി നികത്തുന്ന പ്രവണത വ്യാപകമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയുള്ള പഞ്ചായത്താണ് കരുമാല്ലൂർ. ഇവിടെ കൃഷിഭൂമി കൈയേറി നികത്തുന്നവർക്കുള്ള മുന്നറിയിപ്പാണ് സർക്കാർ നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി എന്നിവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top