തൃക്കാക്കര
വല്ലാർപാടം പാലത്തിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടതിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും കൂട്ടിക്കെട്ടിയ എയർ പൈപ്പുമാണെന്ന് മോട്ടോർ വാഹനവകുപ്പ് റിപ്പോർട്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് എറണാകുളം ആർടിഒയ്‌ക്ക് സമർപ്പിച്ചു.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ ഹാൻഡ് ബ്രേക്കിടാൻ സമയം ലഭിച്ചിട്ടും ഡ്രൈവർ ശ്രമിച്ചില്ല. ബസിന്റെ പിറകിലെ ബ്രേക്കിലേക്കുള്ള പൊട്ടിയ എയർ പൈപ്പ് കൂട്ടിയോജിപ്പിച്ച് താൽക്കാലികമായി മറ്റൊരു പൈപ്പിൽ കെട്ടിവച്ചാണ് സർവീസ് നടത്തിയിരുന്നത്. പാലങ്ങൾ തമ്മിലുള്ള വിടവുകളിൽ ടയർ ചാടി എയർ ലീക്കായി ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ എയർ പൈപ്പ് പ്രവർത്തിച്ചില്ല. വാഹനത്തിനുള്ളിൽ സ്റ്റീരിയോ അമിതശബ്ദത്തിൽ പ്രവർത്തിപ്പിച്ചിരുന്നതായും കണ്ടെത്തി.
എംവിഐ എ ആർ രാജേഷ്, എഎംവിഐ പി ശ്രീജിത് എന്നിവരുടെ സംഘമാണ് റിപ്പോർട്ട് നൽകിയത്. അപകടാവസ്ഥയിൽ കണ്ടെത്തിയ ബസിലെ വാൽവുകൾ കൂടുതൽ പരിശോധനയ്ക്കായി നിർമാണ കമ്പനിക്ക് അയച്ച് റിപ്പോർട്ട് തേടും. എയർ ബ്രേക്ക്, ഹാൻഡ് ബ്രേക്ക് എന്നിവ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഡ്രൈവർമാർക്ക് ക്ലാസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. സെപ്തംബർ 30നുണ്ടായ അപകടത്തിൽ അമ്പതോളംപേർക്ക് പരിക്കുപറ്റിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..