ആലുവ
സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്കാരത്തിൽ ഇരട്ടനേട്ടവുമായി കീഴ്മാട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം. ജില്ലയിൽ 86.3 ശതമാനം മാർക്കുനേടി കീഴ്മാട് എഫ്എച്ച്സിയുടെ തോട്ടുമുഖം ഹെൽത്ത് വെൽനസ് സെന്റർ ഉപകേന്ദ്രം ഒന്നാംസ്ഥാനം നേടി. എഫ്എച്ച്സി 89.2 ശതമാനം മാർക്കോടെ മൂന്നാംസ്ഥാനം നേടി.
സർക്കാർ ആശുപത്രികളുടെ ശുചിത്വം, രോഗനിയന്ത്രണം, സേവന നിലവാരം, പരിപാലനം എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം നിർണയിക്കുന്നത്. മൂന്നാംതവണയാണ് കീഴ്മാടിന് പുരസ്കാരം ലഭിക്കുന്നത്. 2020, 2022 വർഷങ്ങളിൽ പുരസ്കാരം നേടി. ആർദ്രം പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഒന്നാംസ്ഥാനം നേടിയ ഉപകേന്ദ്രത്തിന് ഒരു ലക്ഷവും മൂന്നാംസ്ഥാനം നേടിയ എഫ്എച്ച്സിക്ക് 50,000 രൂപയും ലഭിക്കും.
കീഴ്മാട് പഞ്ചായത്തിനോടുചേർന്നുള്ള എഫ്എച്ച്സിയിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. പഞ്ചായത്ത് സ്വന്തംനിലയിലും ഡോക്ടറെ നിയമിച്ചിട്ടുണ്ട്. ആംബുലൻസ്, പാലിയേറ്റീവ്, ഡിസ്പെൻസറി, ഓട്ടോമാറ്റിക് ഹിമറ്റോളജി ഉപകരണം അടക്കമുള്ള ലാബ് സൗകര്യം എന്നിവയുമുണ്ട്. ചീട്ട് എടുക്കാൻ കംപ്യൂട്ടർ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് സ്നേഹ മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..