തൃക്കാക്കര
മെട്രോ നിർമാണം തുടങ്ങിയശേഷം കാക്കനാടും പരിസരത്തും ഉണ്ടാകുന്ന ഗതാഗതക്കുരുക്കഴിക്കാൻ പ്രധാന ജങ്‌ഷനുകളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാൻ കലക്ടർ എൻ എസ് കെ ഉമേഷ് സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകി.
വാഴക്കാല, പടമുകൾ, കുന്നുംപുറം, ജില്ലാപഞ്ചായത്ത് ജങ്‌ഷൻ, കെബിപിഎസിന് മുൻവശം, ഓലിമുകൾ, മാവേലിപുരം, കാക്കനാട് ജങ്‌ഷൻ, ഐഎംജി ജങ്‌ഷൻ, അത്താണി, കുഴിക്കാട്ടുമൂല നിലംപതിഞ്ഞി റോഡ്, ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളിലാകും കൂടുതൽ പൊലീസ് എത്തുക. രണ്ടു ദിവസമായി രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുകയാണ്. ഐഎംജി ജങ്‌ഷനിൽനിന്ന് ഇൻഫോപാർക്കിലെത്താൻ ഒരു മണിക്കൂറിലധികം വേണം. പാലാരിവട്ടം എത്താനും മണിക്കൂറുകൾ എടുക്കുന്നതായി യാത്രക്കാർ പറയുന്നു.
മെട്രോ നിർമാണംമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പുതിയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകേന്ദ്രവും കെഎംആർഎല്ലും ജനപ്രതിനിധികളും പൊലീസും ഉടൻ യോഗം ചേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..