തൃക്കാക്കര
ഐടി നഗരത്തിൽ കരഭൂമിയുഴുത് കരനെല്ലിന്റെ നൂറുമേനി കതിരു വിരിയിക്കുകയാണ് യുവകർഷകൻ തുതിയൂർ കൊല്ലംപറമ്പിൽ കെ കെ വിജയൻ. തുതിയൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്രാടംനാളിൽ നിറപുത്തരിക്ക് എട്ടുവർഷമായി നെൽകറ്റ കൊണ്ടുപോകുന്നത് വിജയന്റെ കൃഷിയിടത്തിൽനിന്നാണ്. വിജയനും അമ്മ ഭവാനിയും സഹോദരങ്ങളും ചേർന്നാണ് 15 സെന്റിലെ കരനെൽക്കൃഷി പരിപാലിക്കുന്നത്. ഇത്തവണ ഉമ നെല്ലിനം കൃഷിയിറക്കിയപ്പോൾ നൂറുമേനിയാണ് വിളവ്. കൃഷി ഓഫീസർ ശിൽപ്പ വർക്കി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
കാക്കനാടെന്ന ഐടി ഹബ്ബിൽ നെൽക്കൃഷി പാരമ്പര്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ചെയ്യുന്നതെന്ന് വിജയൻ പറഞ്ഞു. പാട്ടത്തിനെടുത്തും മുമ്പ് കൃഷിയിറക്കിയിരുന്നു. 10 വർഷംമുമ്പ് കലക്ടറേറ്റ് വളപ്പിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ കൃഷിയൊരുക്കി എഴുന്നൂറിലേറെ നേന്ത്രവാഴവച്ചും ശ്രദ്ധനേടി. കഴിഞ്ഞ ഓണത്തിന് ചെണ്ടുമല്ലി കൃഷി വിജയം കണ്ടുവെങ്കിലും സാമ്പത്തികമായി നഷ്ടം സംഭവിച്ചു. കൃഷിയിൽ ഇനിയും മുന്നേറാനാണ് തീരുമാനം. മികച്ച കർഷകനുള്ള പരുസ്കാരമായി കാക്കനാട് കൃഷിഭവനും തൃക്കാക്കര നഗരസഭയും നൽകിയ 10,000 രൂപ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഇദ്ദേഹം കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..