23 December Monday

കനിവ്‌ മറ്റൊരു കേരള മോഡൽ: എൻ എസ്‌ മാധവൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


തൃപ്പൂണിത്തുറ
കേരളത്തിൽ നടക്കുന്ന കനിവ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ ലോകത്തിന്‌ മാതൃകയാകുന്ന മറ്റൊരു കേരള മോഡൽ ആണെന്ന്‌ സാഹിത്യകാരൻ എൻ എസ് മാധവൻ പറഞ്ഞു. എറണാകുളം ഡിസ്‌ട്രിക്‌ട്‌ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എട്ടാം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്ന നാടാണിത്‌. അതിലെ ജനകീയ പങ്കാളിത്തമാണ്‌ വിജയത്തിന്‌ കാരണമെന്നും അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങളിൽപ്പോലും 15 ശതമാനം ആളുകൾക്കാണ്‌ സാന്ത്വന പരിചരണ പ്രവർത്തനങ്ങളുടെ പ്രയോജനം ലഭിക്കുന്നതെങ്കിൽ കേരളത്തിൽ അത്‌ 30 ശതമാനം പേർക്കാണെന്ന്‌ എൻ എസ്‌ മാധവൻ പറഞ്ഞു.

രാജ്യത്ത്‌ അരശതമാനത്തിന്‌ മാത്രമാണ് പാലിയേറ്റീവ്‌ കെയറിന്റെ പ്രയോജനം ലഭിക്കുന്നത്‌. സാന്ത്വന പ്രവർത്തനങ്ങൾക്ക്‌ ലഭിക്കുന്ന വർധിച്ച ജനപങ്കാളിത്തമാണ്‌ കേരളം ഈ രംഗത്ത്‌ കൈവരിച്ച നേട്ടത്തിന്‌ കാരണം. സാന്ത്വന പരിചരണ പ്രസ്ഥാനം ആദ്യം ആരംഭിച്ച ഇംഗ്ലണ്ട്‌ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ സർക്കാർ ധന സ്രോതസ്സുകളെ ആശ്രയിച്ചാണ്‌ പ്രവർത്തനം. കേരളത്തിൽ അങ്ങനെയല്ല. കനിവിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ്. കേരളത്തിന്റെ മാനവശേഷിയെയും സേവനസന്നദ്ധതയെയും കൂടുതലായി ഈ രംഗത്ത്‌ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും എൻ എസ്‌ മാധവൻ  പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സി എൻ മോഹനൻ അധ്യക്ഷനായി. സെക്രട്ടറി എം പി ഉദയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം പി പത്രോസ്, പി എച്ച് ഷാഹുൽ ഹമീദ്, എൻ വി മഹേഷ്, ഡോ. ജോ ജോസഫ്, ഡോ. മാത്യൂസ് നുമ്പേലിൽ, കെ ആർ രജീഷ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top