കാലടി
കാലടിയിലെ കനത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പട്ടണത്തിൽ സ്ഥാപിച്ചിരുന്ന മീഡിയനുകൾ തകർന്നു. ഇതേത്തുടർന്ന് ഇവിടം വീണ്ടും ഗതാഗതക്കുരുക്കിലായി. 20 ലക്ഷം രൂപ ചെലവിൽ കാലടി ശ്രീശങ്കര പാലംമുതൽ എംസി റോഡിൽ രണ്ടുകിലോമീറ്റർ ദൂരത്തിലാണ് കാലടി റസിഡന്റ്‌സ് അസോസിയേഷൻ മീഡിയൻ സ്ഥാപിച്ചിരുന്നത്. ഗുണനിലവാരം കുറഞ്ഞ ഇരുമ്പുഷീറ്റുകൾ ഉപയോഗിച്ച് നിർമിച്ച മീഡിയനുകൾ ഭൂരിഭാഗവും വാഹനങ്ങൾ ഇടിച്ചുനശിപ്പിച്ചു. സ്ഥലത്ത് സ്ഥാപിച്ച കുറെയേറെ മീഡിയനുകൾ കാണാനില്ല.
ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ ഏപ്രിലിൽ കാലടി സന്ദർശിച്ചപ്പോഴാണ് പട്ടണത്തിൽ മീഡിയൻ സ്ഥാപിക്കാൻ നിർദേശിച്ചത്. ഇത് സ്ഥാപിച്ചശേഷം ഗതാഗതക്കുരുക്കിന് കുറവുണ്ടായിരുന്നു. എന്നാൽ, ഇവ നിർമിച്ച് ആറുമാസത്തിനുള്ളിൽ ഈ ഗതിയായി. ഇപ്പോൾ ദിവസവും ഉച്ചകഴിഞ്ഞ് തുടങ്ങുന്ന ഗതാഗതക്കുരുക്ക് രാത്രി വൈകിയും തുടരുന്നു. കാലടി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതി ഗതാഗതക്കുരുക്കിന് ഒരു പരിഹാരവും കണ്ടില്ലെന്ന ആക്ഷേപവും ഉയരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..