21 December Saturday

നവരാത്രി നിറവിൽ ക്ഷേത്രങ്ങൾ ; 11–-ാംതവണയും പവിഴമല്ലിത്തറയിൽ ജയറാം

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024


കൊച്ചി
നവരാത്രി ആഘോഷങ്ങൾക്ക്‌ ക്ഷേത്രങ്ങളിൽ തുടക്കമായി. വിശേഷാൽ പൂജകൾ കൂടാതെ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും.

പറവൂർ ദക്ഷിണ മുകാംബിക ക്ഷേത്രത്തിൽ മഹാനവമി ദിനമായ ശനി രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ സംഗീതാർച്ചന, വയലിൻ ഡ്യുയറ്റ്, നൃത്തനൃത്യങ്ങൾ, യോഗ ഡാൻസ്, ഗസൽ, വയലിൻ സോളോ, കുടുക്ക വീണക്കച്ചേരി, തിരുവാതിരകളി എന്നിവ നടക്കും.
വിജയദശമി ദിനമായ ഞായറാഴ്ച ആദ്യാക്ഷരം കുറിക്കാൻ എത്തുന്നവർക്ക്‌ ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത്‌ വിദ്യാരംഭമണ്ഡപം ഒരുക്കിയിട്ടുണ്ട്. പുലർച്ചെ അഞ്ചിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വിദ്യാരംഭത്തിന് തുടക്കംകുറിക്കും. രാവിലെ ഏഴുമുതൽ ഭക്തിഗാനാമൃതം, നൃത്തനൃത്യങ്ങൾ, കളരിപ്പയറ്റ്, ക്ലാസിക്കൽ ഡാൻസ് എന്നിവ ഉണ്ടാകും. രാത്രി ഏഴിന് ടി എച്ച് സുബ്രഹ്മണ്യത്തിന്റെ വയലിൻ സോളോയോടെ ഉത്സവം സമാപിക്കും.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഞായറാഴ്‌ച വിജയദശമിനാളിൽ രാവിലെ പന്തീരടിപൂജയ്ക്കുശേഷം എട്ടിന്‌ സരസ്വതി മണ്ഡപത്തിൽ പ്രത്യേക പൂജകൾ. തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.

കലാഭവനിൽ ശാസ്ത്രീയഗാനം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, സിനിമാറ്റിക് ഡാൻസ്, മിമിക്രി തുടങ്ങി കലാപഠന ക്ലാസുകൾക്ക് തുടക്കംകുറിച്ച്‌ നവരാത്രി ആഘോഷം ആരംഭിച്ചു. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ മഹാനവമി, വിജയദശമി ആഘോഷങ്ങൾ ശനി രാവിലെ 10.30ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  ഉദ്‌ഘാടനം ചെയ്യും. സ്കോളർഷിപ് വിതരണവും ഉണ്ടാകും. ഇടപ്പള്ളി ലുലു മാളിൽ മെയിൻ ഏട്രിയത്തിൽ ഞായർ രാവിലെ എട്ടുമുതൽ വിദ്യാരംഭം തുടങ്ങും.

11–-ാംതവണയും പവിഴമല്ലിത്തറയിൽ ജയറാം
ആസ്വാദകർക്ക് ആവേശം പകർന്ന് ചോറ്റാനിക്കരയിൽ നടൻ ജയറാമിന്റെ പ്രമാണത്തിൽ പവിഴമല്ലിത്തറമേളം. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് 11–--ാംതവണയാണ് പവിഴമല്ലിത്തറമേളം അരങ്ങേറിയത്.  ദുർഗാഷ്ടമിദിനത്തിൽ രാവിലെ ശ്രീമൂലസ്ഥാനമായ പവിഴമല്ലിത്തറയ്ക്ക് മുന്നിൽനിന്ന് പതിഞ്ഞ കാലത്തിൽ കൊട്ടിക്കയറിയ മേളം ഉച്ചസ്ഥായിയിലായതോടെ ക്ഷേത്രവളപ്പിൽ തിങ്ങിനിറഞ്ഞ ആസ്വാദകർ ആവേശത്തിലായി. ദുർഗാഷ്ടമിദിനം പൊതു അവധിയായതോടെ ആയിരങ്ങളാണ്‌ മേളം ആസ്വദിക്കാനെത്തിയത്.

ഇടന്തലയിൽ ചോറ്റാനിക്കര സത്യൻ നാരായണമാരാർ, ആനിക്കാട് കൃഷ്ണകുമാർ, ആനിക്കാട് ഗോപകുമാർ ഉൾപ്പെടെ 17 പേരും വലന്തലയിൽ തിരുവാങ്കുളം രഞ്ജിത്, ഉദയനാപുരം മണിമാരാർ, പുറ്റുമാനൂർ മഹേഷ്‌മാരാർ എന്നിവരടക്കം 50 പേരും അണിനിരന്നു. ചോറ്റാനിക്കര വേണുഗോപാൽ, ചോറ്റാനിക്കര സുനിൽ, രവിപുരം ജയൻ, ചോറ്റാനിക്കര രാജുബാഹുലേയമാരാർ, ചോറ്റാനിക്കര ജയൻ തുടങ്ങി 50 പേർ ഇലത്താളത്തിലും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ നേതൃത്വത്തിൽ 25 പേരുടെ കൊമ്പ് സംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, പുതൂർക്കര ദീപു, കാലടി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അണിനിരന്ന കുറുങ്കുഴൽ സംഘവും മേളത്തിന് കൊഴുപ്പേകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top