25 November Monday

ആര്‍ടിഒയെ തടഞ്ഞുനിര്‍ത്തി 
അസഭ്യം: യുവാക്കൾക്ക് 
13,000 രൂപ പിഴയിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


തൃക്കാക്കര
എറണാകുളം എൻഫോഴ്സ്‍മെ​ന്റ് ആർടിഒയെ അസഭ്യം പറഞ്ഞ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് 13,000 രൂപ പിഴയിട്ടു. ഹെൽമെറ്റ് ഇല്ലാതെ ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ടപ്പോഴാണ് യുവാക്കളുടെ ഫോട്ടോ എടുത്തത്. ആർടിഒയുടെ വാഹനം ബൈക്ക് വട്ടംവച്ച് തടഞ്ഞുനിർത്തിയതിനും കേസെടുക്കും.

കാലടി സ്വദേശികളായ നിഖിൽ വേണു, മുഹമ്മദ് ആസിഫ് എന്നിവർക്കെതിരെയാണ് എംവിഡി നടപടി. കഴിഞ്ഞ രണ്ടിന് രാവിലെ കാലടി ദേശം റോഡിൽ എറണാകുളം എൻഫോഴ്സ്‍മെ​ന്റ് ആർടിഒ കെ മനോജിനുനേരെയാണ് യുവാക്കളുടെ പരാക്രമം ഉണ്ടായത്. മന്ത്രിയുടെ നിർദേശപ്രകാരം കാലടിയിലെ ഗതാഗതക്കുരുക്ക് പരിശോധിക്കാന്‍ സ്വന്തം വാഹനത്തിൽ പോകുകയായിരുന്നു ആർടിഒ. കാലടി ദേശം റോഡിലെത്തിയപ്പോൾ ഹെൽമെറ്റില്ലാതെ രണ്ടു യുവാക്കൾ ഇരുചക്രവാഹനത്തിൽ പോകുന്നതു കണ്ടു. വാഹനം ഓടിക്കുന്നയാൾ ഫോൺ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവരുടെ ഫോട്ടോയെടുത്തു. പ്രകോപിതരായ യുവാക്കള്‍ ആര്‍ടിഒയുടെ വാഹനം തടഞ്ഞ് അസഭ്യവര്‍ഷം നടത്തി.

വാഹനനമ്പര്‍വഴി ഉടമയെ കണ്ടെത്തി ചെലാൻ അയച്ചതിനെ തുടർന്ന് വാഹനയുടമ നിഖിൽ വേണു ആർടി ഓഫീസിലെത്തി 3000 രൂപ പിഴയടച്ചു. സംഭവസമയം നിഖിൽ ഇരുചക്ര വാഹനത്തി​ന്റെ പിന്നിലായിരുന്നു. വാഹനം ഓടിച്ച മുഹമ്മദ് ആസിഫിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 10,000 രൂപകൂടി പിഴ ഈടാക്കാൻ ആർടിഒ ഉത്തരവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top