ആലുവ
പെരിയാറിൽനിന്ന് അനധികൃതമായി വാരി സൂക്ഷിച്ച നാല് ലോഡ് മണൽ പിടിച്ചെടുത്തു. ഉളിയന്നൂർ, മാന്നാർ ജങ്ഷനിലെ ചന്തക്കടവ്, കുഞ്ഞുണ്ണിക്കര, ഗൾഫാർ എന്നീ കടവുകളിൽ അനധികൃതമായി വാരി സൂക്ഷിച്ച മണൽശേഖരമാണ് ആലുവ പൊലീസ് പിടിച്ചത്. വൻ വിലയ്ക്ക് കൊല്ലം ഭാഗത്തേക്ക് കടത്താനായിരുന്നു പദ്ധതി. പിടികൂടിയ മണൽ ഇവിടെനിന്ന് നീക്കി. ഒരുമാസത്തിനിടെ പത്തിലേറെ ലോഡ് മണലാണ് വാഹനം അടക്കം ആലുവ പൊലീസ് പിടിച്ചത്. മണൽക്കടത്തുമായി ബന്ധപ്പെട്ട് ഒരുമാസത്തിനുള്ളിൽ പത്തുപേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
പെരിയാറിൽനിന്ന് വലിയ വള്ളങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളെയടക്കം ഉപയോഗിച്ചാണ് അനധികൃതമായി മണലൂറ്റി കടത്തുന്നത്. "ആലുവ ഗോൾഡ്' എന്നറിയപ്പെടുന്ന പെരിയാറിലെ മണലിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആവശ്യക്കാരേറെയാണ്.
മണൽക്കടത്തിനെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുന്നുണ്ടെന്ന് റൂറൽ എസ്‍പി വൈഭവ് സക്സേന അറിയിച്ചു. പട്രോളിങ് ശക്തമാക്കും. കടവുകൾ കേന്ദ്രീകരിച്ചും പൊലീസ് പരിശോധനയുണ്ട്. മണൽവാരൽ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും എസ്‍പി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..