ആലുവ
പട്ടണം ചുറ്റാതെ യാത്രക്കാരെ വലച്ച് നേരിട്ട് സ്വകാര്യ ബസ് സ്റ്റാൻഡിലെത്തുന്ന ബസുകൾ കണ്ടെത്താൻ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സമയക്രമം തെറ്റിച്ചും പെർമിറ്റ് റൂട്ട് തെറ്റിച്ചും സർവീസ് നടത്തുന്ന ബസുകൾക്കെതിരെയാണ് എംവിഡി പരിശോധന കടുപ്പിച്ചത്.
സെന്റ് ഫ്രാൻസിസ് സ്കൂൾ, സേവ്യേഴ്സ് കോളേജ്, പോസ്റ്റ് ഓഫീസ്, പമ്പ് ജങ്‌ഷൻ, മാതാ മാധുര്യ സീനത്ത് തിയറ്ററുകൾ, പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി, ജില്ലാ ആശുപത്രി, കാരോത്തുകുഴി ആശുപത്രി, ടൗൺ മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് പെരുവഴിയിലാകുന്നത്.
ബൈപാസ് ജങ്‌ഷനിൽ ചില സ്വകാര്യ ബസുകൾ യാത്ര അവസാനിപ്പിക്കും. എറണാകുളം ഭാഗത്തുനിന്ന് വരുന്ന ബസുകൾ ആലുവ പട്ടണം ചുറ്റി കൃത്യമായി യാത്രക്കാരെ സ്റ്റോപ്പുകളിൽ ഇറക്കണമെന്ന ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമീഷന്റെയും ആലുവ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെയും ഉത്തരവുകളാണ് ലംഘിക്കുന്നത്. യാത്രക്കാർ കാൽനടയായോ, പിന്നാലെ വരുന്ന മറ്റു ബസുകളെയോ, ഓട്ടോ, ടാക്സി എന്നിവയെയോ ആശ്രയിക്കേണ്ട ഗതികേടിലാണ്. സ്റ്റോപ്പുകളിൽ നിർത്താത്ത ബസുകൾക്കെതിരെ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് എംവിഡി മധ്യമേഖല ഡെപ്യൂട്ടി കമീഷണർ അനൂപ് വർക്കി, ആർടിഒമാരായ ടി എം ജഴ്‌സൺ, കെ മനോജ്, എംവിഐ എ എ താഹിറുദ്ദീൻ, സന്തോഷ് കുമാർ, ജയിംസ് ജോർജ് എന്നിവരാണ് പരിശോധന നടത്തിയത്. കർശന പരിശോധന തുടരുമെന്ന് ആലുവ ജോയിന്റ് ആർടിഒ കെ എസ് ബിനീഷ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..