പറവൂർ
ചിറ്റാറ്റുകര പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് നടത്തിയ സൗജന്യ ശ്വാസകോശരോഗ പരിശോധന ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശകരായി കേന്ദ്ര ആരോഗ്യസംഘം. നാഷണൽ ഹെൽത്ത് സിസ്റ്റം റിസോഴ്‌സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ മേജർ ജനറൽ അതുൽ കൊത്വൽ, സീനിയർ കൺസൽട്ടന്റ് ഡോ. സുരഭി സേഥി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വടക്കേക്കര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലേക്ക് എത്തിയത്.
ക്യാമ്പിന്റെ ക്രമീകരണങ്ങളും നടത്തിപ്പും കണ്ട ഇവർ തുടർപ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. മികച്ചരീതിയിൽ ക്യാമ്പ് സംഘടിപ്പിച്ച ചിറ്റാറ്റുകര പഞ്ചായത്തിനെയും കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തകരെയും അഭിനന്ദിച്ചു. ലോകാരോഗ്യസംഘടനയുടെ കൺസൽട്ടന്റ് ഡോ. അപർണ, ഡോ. സുധാകർ റെഡ്ഢി എന്നിവരും കേന്ദ്രസംഘത്തിലുണ്ടായിരുന്നു. ജില്ലാ എൻടിഇപി വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ലൈബി സാജു അധ്യക്ഷയായി. ഡോ. ഫിലോമിന അലോഷ്യസ്, വി എ താജുദീൻ, എം എ സുധീഷ്, പി എ ഷംസുദീൻ, പി ജി ആന്റണി, ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവർ ചേർന്ന് ആരോഗ്യസംഘത്തെ വരവേറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..