വൈപ്പിൻ
പൊക്കാളിക്കൃഷി യന്ത്രവൽക്കരിക്കാൻ ശ്രമങ്ങൾ തുടരുന്നതായി വൈറ്റില റൈസ് റിസർച്ച് സ്റ്റേഷനിലെ ഡോ. എ കെ ശ്രീലത പറഞ്ഞു. ധാരാളം തൊഴിൽശക്തി ആവശ്യമായ മേഖലയാണിത്. ഈ സാഹചര്യത്തിലാണ് യന്ത്രവൽക്കരണത്തിന് പ്രാധാന്യം നൽകുന്നതെന്ന് വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച "പൊക്കാളിക്കൃഷി നേരിടുന്ന പ്രശ്നങ്ങൾ' സെമിനാറിൽ ശ്രീലത പറഞ്ഞു.
ലോക പൈതൃക പട്ടികയിൽപ്പെട്ട പൊക്കാളി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ഈ മേഖലയിൽ 30 വർഷത്തെ അനുഭവസമ്പത്തുള്ള എം ചാന്ദു പറഞ്ഞു. ധാരാളമുണ്ടായിരുന്ന പൊക്കാളി കർഷകർ ഇപ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമായി. പലരും മറ്റു വൃത്തികളിലേക്ക് ചുവടുമാറ്റിയെന്നും ചാന്ദു പറഞ്ഞു. പല കൃഷിയിടങ്ങളും മറുനാട്ടിൽ കഴിയുന്ന, സമ്പന്നരുടേതാണെന്ന് കർഷക പ്രതിനിധി കെ ജോസഫ് പറഞ്ഞു. നെൽവയലുകൾ സംരക്ഷിക്കേണ്ടത് ഏവരുടേയും കടമയാണ്. കാർഷിക വൃത്തി ഏറെ പിന്നാക്കം പോയി. മറുനാടുകളിൽനിന്ന് കാർഷികോൽപ്പന്നങ്ങൾ വരുമ്പോൾ വിലക്കയറ്റവും ആരോഗ്യനാശവുമായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി കപ്പൽശാലയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പ്ലാനറ്റ് എർത്ത് എന്ന എൻജിഒയുടെ സഹകരണത്തോടെ കർത്തേടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു സെമിനാർ. ഗ്രന്ഥശാലാ സംഘം കൊച്ചി താലൂക്ക് സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..