കൊച്ചി
‘ഇൻഫോപാർക്ക് കൂടുതൽ സ്‌മാർട്ടാകണം. അടുത്തഘട്ടം വികസനത്തിലൂടെ കേരളം ഐടി രംഗത്ത് കൂടുതൽ ഉയരങ്ങളിലെത്തണം’. സ്‌മാർട്ട്‌സിറ്റി പദ്ധതിക്കായി ടീകോമിന് വിട്ടുനൽകിയ ഭൂമി സംസ്ഥാനത്തിന്റെ ഭാവി ഐടി വികസനത്തിന് ഉപയോഗപ്പെടുത്തണമെന്ന നിർദേശത്തിന് പിന്തുണ ഏറിവരികയാണ്. കാക്കനാട് ഇൻഫോപാർക്കിൽ ഐടി സ്‌പേസിനായി കാത്തുനിൽക്കുന്നത് 120 കമ്പനികൾ. കമ്പനികളുടെ എണ്ണം ഇനിയും കൂടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇൻഫോപാർക്ക് അടുത്തഘട്ടം പദ്ധതി നടപ്പാക്കുന്നതിലൂടെ കൂടുതൽ കമ്പനികളെ ഉൾക്കൊള്ളിക്കാനാകും. രണ്ടുഘട്ടങ്ങളിലായി നിർമിച്ച കെട്ടിടങ്ങൾ മതിയാകാത്ത സാഹചര്യത്തിലാണ് അടുത്തഘട്ടം വികസനപദ്ധതി. ഒരുലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങളും ഏതാണ്ട് 12,000 കോടിയുടെ നിക്ഷേപവും ഇൻഫോപാർക്ക് ലക്ഷ്യമിടുന്നു.
എവിടെ ജിസിസി
കമ്പനികൾ ?
ആറുമാസത്തിനുള്ളിൽ എട്ടോളം ജിസിസി (ഗൾഫ് കോ–-ഓപ്പറേഷൻ കൗൺസിൽ) കമ്പനികൾ ഇൻഫോപാർക്കിൽ ഉദ്‌ഘാടനം ചെയ്‌തു. എന്നാൽ, ഇത്തരം ഒരു കമ്പനിയെപ്പോലും കൊണ്ടുവരാൻ ടീകോമിനായില്ല. 2011 മുതൽ ഈ വർഷംവരെ ഇൻഫോപാർക്ക് 75,000ത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. പരോക്ഷമായി നിരവധി പേർക്കും തൊഴിൽ നൽകി. എന്നാൽ, 5000ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനേ സ്‌മാർട്ട്‌സിറ്റി പദ്ധതിക്കു കഴിഞ്ഞുള്ളൂ. ടീകോമിനെ സ്‌മാർട്ട്‌സിറ്റി പദ്ധതിയിൽനിന്ന് ഒഴിവാക്കി അവരുടെ കൈയിലുള്ള ഭൂമി ഇൻഫോപാർക്ക് വികസനത്തിന് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഞങ്ങൾ നേരത്തേ ഉന്നയിക്കുന്നതാണ്.
അനീഷ് പന്തലാനി (പ്രോഗ്രസീവ് ടെക്കീസ്, സംസ്ഥാന പ്രസിഡന്റ്)
വിവാദമല്ല, വേണ്ടത്
വികസനം
കൊച്ചിയിലേക്ക് വരാൻ നിരവധി ഐടി കമ്പനികൾ ക്യൂ നിൽക്കുമ്പോഴാണ് 200 ഏക്കറിലധികം സ്ഥലം വെറുതേകിടക്കുന്നത്. 13 വർഷമായിട്ടും ടീകോമിന് അടിസ്ഥാന സൗകര്യവികസനത്തിന് ഒന്നും ചെയ്യാനായില്ല. സ്‌മാർട്ട്‌സിറ്റി സ്വയം നിർമിച്ച ആദ്യകെട്ടിടം പൂർണമായി വിവിധ കമ്പനികൾ ഏറ്റെടുത്തു. ഇതല്ലാതെ കൂടുതൽ അടിസ്ഥാന സൗകര്യ വികസനമൊരുക്കാൻ ടീകോമിനായിട്ടില്ല.
ടി കെ മാഹിൻ ഷാ (പ്രോഗ്രസീവ് ടെക്കീസ്, സംസ്ഥാന വൈസ് പ്രസിഡന്റ്)
ഐടി കയറ്റുമതിയിൽ
മുമ്പൻ
2011–-12ൽ ഇൻഫോപാർക്ക് സോഫ്‌റ്റ്‌വെയർ കയറ്റുമതിയിലൂടെ നേടിയത് 1094 കോടി രൂപയാണ്. 2023–-24ൽ 11, 417 കോടിയായി. 5557.2 കോടിയുടെ നിക്ഷേപം കൊണ്ടുവരാൻ ഇൻഫോപാർക്കിനായി. 92.62 ലക്ഷം ചതുരശ്രയടി ഐടി സ്‌പേസാണ് സൃഷ്‌ടിക്കാനായത്.
കുറഞ്ഞത് 62 ലക്ഷം ചതുരശ്രയടി സ്ഥലം ഐടിക്കുമാത്രമായി സൃഷ്‌ടിക്കണമെന്ന കരാർവ്യവസ്ഥ പാലിക്കാൻ ടീകോമിനായിട്ടില്ല. നിലവിൽ 17.5 ലക്ഷം ചതുരശ്രയടിമാത്രമാണ് പൂർണസജ്ജമായിട്ടുള്ളത്.
സി സി അർജുൻ (പ്രോഗ്രസീവ് ടെക്കീസ്, എക്‌സിക്യൂട്ടീവ് അംഗം)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..