22 November Friday

ഐബിഎം ജെൻ എഐ 
ഇന്നൊവേഷൻ സെന്റർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

കൊച്ചി
അമേരിക്കൻ ബഹുരാഷ്ട്ര സാങ്കേതികവിദ്യാ കമ്പനി ഐബിഎം കൊച്ചി ഇൻഫോപാർക്ക് ഫേസ് ഒന്നിലെ ലുലു സൈബർ ടവറിൽ ജെൻ എഐ ഇന്നൊവേഷൻ സെന്ററും ക്ലൈന്റ്‌ എക്സ്പീരിയൻസ് സോണും തുറന്നു. വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പൂർണമായും കൊച്ചിയിൽ വികസിപ്പിച്ചെടുത്ത മൂന്ന് ഐബിഎം ഉൽപ്പന്നങ്ങളുടെ മാതൃകകൾ കമ്പനി പ്രദർശിപ്പിച്ചു.

വിദ്യാർഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എഐ പരീക്ഷണങ്ങൾ നടത്താൻ ഇവിടെ സൗകര്യം ഉണ്ടാവും. ഐബിഎമ്മിന്റെ അന്താരാഷ്ട്ര ഉപയോക്താക്കൾക്കായാണ്‌ എക്സ്പീരിയൻസ് സെന്റർ ആരംഭിച്ചത്‌. ഇതിലൂടെ അന്താരാഷ്ട്ര ഐടി ഉപയോക്താക്കൾക്ക് കൊച്ചി പ്രധാന ഇടമായി മാറുമെന്ന്‌ ഐബിഎം ഇന്ത്യാ സോഫ്റ്റ്-വെയർ ലാബ്സ് വൈസ് പ്രസിഡന്റ് വിശാൽ ചഹാൽ പറഞ്ഞു.

-‘വർക് ഫ്രം കേരള' പുതിയ നയം: മന്ത്രി പി രാജീവ്‌
"വർക് ഫ്രം കേരള'യാണ് പുതിയ നയമെന്നും ആഗോള കമ്പനികളിലെ മലയാളി ജീവനക്കാർക്ക് കേരളത്തിൽ താമസിച്ച് ജോലിയെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും മന്ത്രി പി രാജീവ്‌ പറഞ്ഞു. ഇൻഫോപാർക്കിലെ ലുലു സൈബർ ടവറിൽ ഐബിഎം ഇന്നൊവേഷൻ സെന്ററിന്റെ ഉദ്ഘാടനശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ 2000 പേരാണ് ഐബിഎം കേന്ദ്രത്തിൽ ജോലിചെയ്യുന്നത്. ഇത് വൈകാതെ 5000 ആകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യകേന്ദ്രമായി മാറി. പ്രഖ്യാപിച്ച് ആറുമാസത്തിനുള്ളിൽ കേരളത്തിൽ ഐബിഎം ജെൻ എഐ ഇന്നൊവേഷൻ സെന്റർ ആരംഭിക്കാനായി. ലോകത്ത്‌ ആദ്യമായാണ് ഒരു ഐബിഎം സെന്ററിൽ രണ്ടുതവണയായി ഒന്നിലധികം പദ്ധതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരംഭിക്കുന്നത്‌.
കേരളത്തിന്റെ സംസ്കാരം സൂചിപ്പിക്കുന്നനിലയിൽ പ്രാദേശികമായ കരകൗശലവസ്തുക്കളാണ് ഓഫീസിന്റെ ഉൾവശത്തെ രൂപകൽപ്പനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. പെരുമാട്ടി, നിലമ്പൂർ, ഏരൂർ തുടങ്ങിയവിടങ്ങളിൽനിന്നുള്ള പ്രാദേശിക കലാകാരന്മാരാണ് ഇതിനുള്ള കലാസൃഷ്ടികൾ നൽകിയത്. സെന്റർ യാഥാർഥ്യമായതോടെ അന്താരാഷ്ട്ര ഐടി ഉപഭോക്താക്കളുടെ ദൃഷ്ടിയിൽ കൊച്ചി പ്രധാന ഇടമാകുമെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top