13 December Friday

വൻ ജനപങ്കാളിത്തം; 
ബാംബൂ മേള സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024


കൊച്ചി
രാജ്യാന്തര പ്രൗഢിയോടെ 21–-ാമത് ബാംബൂ ഫെസ്റ്റിന്‌ മറൈൻ ഡ്രൈവിൽ ഉജ്വല സമാപനം. വൻ ജനപങ്കാളിത്തമാണ് മേളയിൽ ഉണ്ടായത്. ഇത്തവണ വിദേശത്തുനിന്ന്‌ ധാരാളം ഓർഡറുകൾ എത്തിയതോടെ മേളയുടെ ജനപ്രീതി മറ്റു രാജ്യങ്ങളിലേക്കും എത്തി.

ഭൂട്ടാന്റെ സാന്നിധ്യമായിരുന്നു അന്താരാഷ്ട്രതലത്തിൽ മേളയെ എത്തിച്ചതെങ്കിലും വിപണനത്തിൽ വിദേശികളായ ഒട്ടേറെപ്പേർ ഇത്തവണ ഭാഗമായി. സ്വീഡനിൽനിന്നെത്തിയ സന്ദർശകർ ഒറ്റദിവസംകൊണ്ട് അഞ്ചുലക്ഷത്തിന്റെ കയറ്റുമതി ഓർഡറാണ് നൽകിയത്. സ്‌റ്റോറൂട്ട്‌സ്, ആഗസ് എന്റർപ്രൈസസ് എന്നീ സ്റ്റാളുകളിൽനിന്നായി വീടുകളും റിസോർട്ടുകളും മോടിപിടിപ്പിക്കാനുപയോഗിക്കുന്ന ലാംപ് ഷെയ്ഡുകളാണ് ഇവർ വാങ്ങിയത്. ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഓർഡർ ലഭിച്ചു. അരുണാചൽപ്രദേശിൽനിന്നെത്തിയ കലാകാരിയുടെ സ്റ്റാളിൽനിന്ന് ഒരുദിവസം 50,000ത്തിലധികം രൂപയുടെ പൂക്കളാണ് വിറ്റുപോയത്.

മുളകൊണ്ടുള്ള വിവിധതരം ഉൽപ്പന്നങ്ങൾ, അലങ്കാരവസ്തുക്കൾ, വനവിഭവങ്ങൾ, ചിരട്ടകൊണ്ടുള്ള വിഭവങ്ങൾ, ചൂരൽ ഫർണിച്ചർ, ക്രിസ്മസ് സാധനങ്ങൾ എല്ലാം വൻതോതിൽ വിറ്റുപോയി. ചണത്തിന്റെ ക്രിസ്മസ് നക്ഷത്രം വാങ്ങാനും ധാരാളംപേരെത്തി. കാട്ടുതേൻ, ചെറുതേൻ, അച്ചാറുകൾ, മഞ്ഞൾ, റോസ്‌മേരി, വിവിധതരം എണ്ണകൾ തുടങ്ങിയവയും വനവിഭവങ്ങളും മുളത്തൈകളും ധാരാളംപേർ വാങ്ങി. മേളയുടെ അവസാന രണ്ടുദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങൾ വിറ്റത്. 180 സ്റ്റാളുകളിലായി കേരളത്തിൽനിന്ന്‌ 300ഉം പത്ത്‌ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള 50 മുള കരകൗശല പ്രവർത്തകരും മുള അനുബന്ധ സ്ഥാപനങ്ങളുമാണ് മേളയിൽ പങ്കെടുത്തത്. ദിവസവും 5000 മുതൽ 10000ത്തിനുമുകളിൽ ആളുകളാണ് സംസ്ഥാന വ്യവസായവകുപ്പിന്‌വേണ്ടി സംസ്ഥാന ബാംബു മിഷൻ സംഘടിപ്പിച്ച മേള സന്ദർശിക്കാനെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top