21 December Saturday

യുവാവിന്റെ തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


വരാപ്പുഴ
യുവാവിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. വരാപ്പുഴ തിരുമുപ്പം ഭഗവതിപറമ്പില്‍ കൃഷ്ണകുമാര്‍ (29), സഹോദരന്‍ അനില്‍കുമാര്‍ (27) എന്നിവരാണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം ദേശീയപാതയില്‍ തിരുമുപ്പം കുളത്തിനുസമീപമായിരുന്നു സംഭവം.
തൃശൂർ സ്വദേശി കൂനമ്മാവ് കൊമ്പനേഴത്ത് റിസ്‌വാന്‍ അബ്ദുള്‍ സലാമിനാണ്‌ (25) പരിക്കേറ്റത്. റിസ്‌വാനും ഭാര്യയും തമ്മിലുണ്ടായ കുടുംബപ്രശ്‌നത്തിൽ കൃഷ്ണകുമാര്‍ ഇടപെട്ടതാണ് ആക്രമണത്തിലേക്ക്‌ എത്തിയത്‌. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം സുഹൃത്തും ഭാര്യയുംചേര്‍ന്ന് പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം സൈക്കിളില്‍ വരികയായിരുന്ന കൃഷ്ണകുമാര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടു. ഇതോടെ സംഘര്‍ഷം അവര്‍ തമ്മിലായി. തുടര്‍ന്ന്‌ കൃഷ്ണകുമാര്‍ സമീപത്തെ വീട്ടില്‍പോയി സഹോദരൻ അനില്‍കുമാറിനെയും കൂട്ടിവന്നു. ഇതോടെ കൂട്ടത്തല്ലായി. തുടര്‍ന്ന്‌ കൈയിലുണ്ടായിരുന്ന കമ്പിവടികൊണ്ട് സഹോദരങ്ങള്‍ റിസ്‌വാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതുതടയാന്‍ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഇവര്‍ മര്‍ദിച്ചതായി പൊലീസ് പറഞ്ഞു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിസ്‌വാനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശൂര്‍ തെക്കുംകര സ്വദേശിയായ റിസ്‌വാന്‍ അടുത്തയിടെയാണ് കൂനമ്മാവിലെ വീട്ടില്‍ താമസമാക്കിയത്. ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത്‌ പരിശോധന നടത്തി. സഹോദരങ്ങള്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ്‌ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top