21 December Saturday

നന്നാകാനുറച്ച്‌ 
400 കുറ്റവാളികൾ ; ബോണ്ട്‌ ഒപ്പിട്ടു

ശ്രീരാജ്‌ ഓണക്കൂർUpdated: Saturday Sep 14, 2024


കൊച്ചി
ഇനി കുറ്റകൃത്യത്തിൽ ഉൾപ്പെടില്ലെന്ന്‌ കൊച്ചി സിറ്റി പൊലീസുമായി ബോണ്ട്‌ ഒപ്പിട്ടത്‌ നാനൂറോളം കുറ്റവാളികൾ. ഒന്നോ ഒന്നിലധികം കുറ്റകൃത്യങ്ങളിലോ പങ്കാളികളായവരാണ്‌ സബ്‌ ഡിവിഷണൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ ഹാജരായി ബോണ്ട്‌ ഒപ്പിട്ടത്‌. സംസ്ഥാനത്ത്‌ ഇത്രയധികംപേരെ ആദ്യമായാണ്‌ ബോണ്ട്‌ ഒപ്പിടുവിക്കുന്നതെന്ന്‌ സ്ഥാനമൊഴിഞ്ഞ സിറ്റി പൊലീസ്‌ കമീഷണർ എസ്‌ ശ്യാംസുന്ദർ പറഞ്ഞു. പുതിയ ബിഎൻഎസ്‌ 126, 129 വകുപ്പുകൾപ്രകാരമാണ്‌ നടപടി. നിയമപ്രകാരം നാട്ടിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ്‌ ബോണ്ട്‌ ഒപ്പിടൽ. ബോണ്ട്‌ വ്യവസ്ഥ ലംഘിച്ചാൽ വീണ്ടും റിമാൻഡിലാകും. ജാമ്യവും വൈകും.

ബോണ്ടിൽ ഒപ്പിടുന്നവർക്ക്‌ രണ്ട്‌ ആൾജാമ്യം വേണം. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച്‌ ഒരുലക്ഷം രൂപവരെയുള്ള ബോണ്ടുകളുണ്ട്‌. ഒരുവർഷമാണ്‌ കാലാവധി. ബോണ്ടിന്‌ അനുമതി നൽകുക സബ്‌ ഡിവിഷണൽ മജിസ്‌ട്രേട്ടാണ്‌. കുറ്റകൃത്യം ചെയ്‌തയാളുടെ ഭാഗം കേട്ടശേഷമാണ്‌ തീരുമാനം. അനുമതി നൽകുന്നതിനുപുറമെ ആവശ്യമെങ്കിൽ കാലാവധി ചുരുക്കുന്നതിനുള്ള അധികാരവും സബ്‌ ഡിവിഷണൽ മജിസ്‌ട്രേട്ടിനുണ്ടായിരിക്കും. ബോണ്ട്‌ ഒപ്പിടേണ്ട കുറ്റവാളികളുടെ റിപ്പോർട്ട്‌ പൊലീസ്‌ സ്‌റ്റേഷൻ ചുമതലയുള്ള ഇൻസ്‌പെക്ടർ എസിപിക്ക്‌ നൽകും. എസിപിയാണ്‌ ഇത്‌ സബ്‌ ഡിവിഷണൽ മജിസ്‌ട്രേട്ടിന്‌ കൈമാറുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top