26 December Thursday

പരിഭാഷയില്ലാത്ത സ്‌നേഹസാമീപ്യം

സ്വന്തം ലേഖകൻUpdated: Saturday Sep 14, 2024

സീതാറാം യെച്ചൂരിയുടെ പ്രസംഗം വിവർത്തനം ചെയ്യുന്ന കൊച്ചി മേയർ എം അനിൽകുമാർ


കൊച്ചി
പാളിപ്പോയൊരു പ്രസംഗ പരിഭാഷയിൽനിന്നാണ്‌ സീതാറാം യെച്ചൂരിയുടെ പ്രിയപ്പെട്ട മലയാള പരിഭാഷകനായി മേയർ എം അനിൽകുമാർ മാറിയത്‌. പരിഭാഷ പാളിയോ എന്ന്‌ പരിഭ്രമിച്ചുനിന്ന അനിൽകുമാറിനെ, ‘‘സഖാവ്‌ നന്നായിത്തന്നെ ചെയ്‌തു’’ എന്ന്‌ പ്രോത്സാഹിപ്പിച്ച്‌ യെച്ചൂരി. ആ വാക്കുകൾ പകർന്ന ആത്മവിശ്വാസമാണ്‌ 18 വർഷം കേരളത്തിലെ എണ്ണമറ്റ വേദികളിൽ യെച്ചൂരിയുടെ പരിഭാഷകനാകാൻ കരുത്തായതെന്ന്‌ അനിൽകുമാർ.

ഡിവൈഎഫ്‌ഐ 2006ൽ സംഘടിപ്പിച്ച സംസ്ഥാന യുവജന മാർച്ചുകൾ സംഗമിച്ച മറൈൻഡ്രൈവിലെ വേദിയിൽ അപ്രതീക്ഷിതമായാണ്‌ അനിൽകുമാർ പരിഭാഷകനായി നിയോഗിക്കപ്പെട്ടത്‌. അനർഗള സുന്ദരമായി പ്രവഹിച്ചിരുന്ന പ്രസംഗം, പരിഭാഷയിൽ നീണ്ടുവലിഞ്ഞുപോയോ എന്ന്‌ സംശയിച്ചു. പരിപാടി കഴിഞ്ഞ്‌ പരിഭ്രമിച്ച്‌ വേദി വിടാനൊരുങ്ങുമ്പോഴാണ്‌ പരിഭാഷ നന്നായി എന്ന തേൻപോലെ മധുരിച്ച വാക്കുകൾ കേട്ടത്‌. 

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ യെച്ചൂരിയുടെ പരിഭാഷകനായി ജില്ലയിലാകെ സഞ്ചരിച്ചതോടെ അദ്ദേഹവുമായുള്ള വ്യക്തിബന്ധവും ദൃഢമായി. വേദികളിലേക്കും തിരിച്ചുമുള്ള യാത്രകളിൽ അദ്ദേഹം പല കാര്യങ്ങളും പറഞ്ഞുകൊണ്ടിരിക്കും. ആന്ധ്രപ്രദേശിലെ അനുഭവങ്ങൾ, സഖാവ് സുന്ദരയ്യയെക്കുറിച്ചുള്ള വിവരണം അങ്ങനെ കൗതുകകരവും വിജ്ഞാനപ്രദവുമായ പലതും.

കൊച്ചി ബിനാലെ കണ്ട അദ്ദേഹം ആവേശഭരിതനായിരുന്നു. ഒരു ചിത്രം ചൂണ്ടിക്കാണിച്ച്‌, ഇത് ബോംബെയിലെ നമ്മുടെ പഴയ പാർടി ഓഫീസാണെന്ന്‌ പറഞ്ഞു. വിദ്യാർഥിയായിരിക്കെ ഒരുപാടുതവണ പോയിട്ടുണ്ടെന്ന്‌ വൈകാരികത മുറ്റിയ ശബ്ദത്തിൽ പറഞ്ഞത്‌ അനിൽകുമാർ ഓർക്കുന്നു. തിരിച്ചുള്ള റോ–-റോ യാത്രയ്‌ക്കിടെ ഡ്രൈവേഴ്സ് ക്യാബിനിലേക്ക് കയറിച്ചെന്ന്‌ തൊഴിലാളികളുമായി സൗഹൃദം പങ്കിട്ടു.

കഴിഞ്ഞവർഷം ടി കെ സാംസ്കാരികകേന്ദ്രത്തിലെ പരിപാടിയിലാണ്‌ പ്രസംഗം അവസാനമായി പരിഭാഷപ്പെടുത്തിയത്‌. പ്രസംഗത്തിനിടെ, നസ്രത്ത് എന്ന സ്ഥലം ഇസ്രയേലിലുണ്ടെന്നും അവിടത്തെ മേയർ കമ്യൂണിസ്റ്റുകാരനാണെന്നും പറഞ്ഞ്‌ അദ്ദേഹം ചിരിച്ചുകൊണ്ട്‌ തന്നെ നോക്കിയതും അനിൽകുമാർ ഓർക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top