കോതമംഗലം
വേമ്പനാട്ട് കായലിലെ ആഴമേറിയ ഭാഗത്ത് ഏഴുകിലോമീറ്റർ നീന്തിക്കടന്ന് ആറുവയസ്സുകാരി ആദ്യ. കോതമംഗലം മാതിരപ്പിള്ളി പള്ളിപ്പടി ശാസ്തമംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകൾ ആദ്യ ഡി നായരാണ് 3.45 മണിക്കൂർകൊണ്ട് ചരിത്രനേട്ടം കൈവരിച്ചത്. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ പരിശീലനം പൂർത്തിയാക്കിയതിനാൽ, മോശം കാലാവസ്ഥയും പോളശല്യവും ഉണ്ടായിരുന്നിട്ടും ദൗത്യം പൂർത്തിയാക്കാൻ സാധിച്ചു.
കോതമംഗലം കറുകടം സെന്റ് മേരീസ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ശനി രാവിലെ 8.40ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് നീന്തിയത്. ഏഴുകിലോമീറ്റർ നീന്തിക്കടക്കുന്ന പ്രായംകുറഞ്ഞ കുട്ടിയാണ് ആദ്യ. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ കോച്ച് ബിജു തങ്കപ്പനാണ് പരിശീലകൻ.
ചേർത്തല അമ്പലക്കടവിൽനിന്ന് ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം ബീച്ചിൽ നഗരസഭാധ്യക്ഷ പ്രീത രാജേഷിന്റെ നേതൃത്വത്തിൽ വരവേറ്റു. തുടർന്ന് വൈക്കം ബീച്ചിൽ നടന്ന അനുമോദനസമ്മേളനം പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ പി ടി സുഭാഷ് അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..