കൊച്ചി
കുണ്ടന്നൂർ ജങ്ഷൻമുതൽ സിഫ്‌റ്റ് ജങ്‌ഷൻവരെയുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായി കുണ്ടന്നൂർ–-തേവര, അലക്‌സാണ്ടർ പറമ്പിത്തറ പാലങ്ങളിലെ നവീകരണം ചൊവ്വാഴ്‌ച ആരംഭിക്കും. സ്റ്റോൺ മാട്രിക്സ് അസ്ഫാൾട്ട് (എസ്‌എംഎ) നിർമാണവിദ്യയിൽ അടിസ്ഥാനമാക്കിയാണ് പാലങ്ങളിലെ പ്രവൃത്തി. ഇതിനായുള്ള യന്ത്രം തിങ്കളാഴ്‌ച ഗുജറാത്തിൽനിന്ന് എത്തും.
ദീർഘകാലം ഈടുനിൽക്കുന്ന നിർമാണവിദ്യയാണ് എസ്‌എംഎ. പെട്ടെന്ന് പൊളിയുകയോ കുഴികൾ രൂപപ്പെടുകയാ ഇല്ല. നിലവിലെ ടാറിങ് പ്രതലം അഞ്ച് സെന്റിമീറ്റർ കനത്തിൽ നീക്കും. ശേഷം കോൺക്രീറ്റുമായി കൂടിച്ചേരുന്നതിന് പ്രത്യേക അളവിൽ മിശ്രിതം നിർമിച്ച് ടാർ ചെയ്യുന്നതാണ് എസ്‌എംഎ രീതി. അലക്സാണ്ടർ പറമ്പിത്തറ പാലത്തിന് 650 മീറ്ററും കുണ്ടന്നൂർ–-തേവര പാലത്തിന് 1720 മീറ്ററും നീളമുണ്ട്. 12.85 കോടിയാണ് കുണ്ടന്നൂർ ജങ്ഷൻമുതൽ സിഫ്‌റ്റ് ജങ്‌ഷൻവരെയുള്ള പ്രവൃത്തികൾക്ക് പൊതുമരാമത്തുവകുപ്പ് അനുവദിച്ചത്. സംസ്ഥാന ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. വികെജെ ഇൻഫ്രാസ്‌ട്രക്‌ചറിനാണ് കരാർ. യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി പാലങ്ങൾ തുറന്നുകൊടുക്കുകയാണ് ലക്ഷ്യം.
നവംബർ 15 വരെ
ഗതാഗതനിയന്ത്രണം
ദേശീയപാത 966 ബി കുണ്ടന്നൂർ ജങ്ഷൻമുതൽ സിഫ്‌റ്റ് ജങ്ഷൻവരെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൊവ്വമുതൽ നവംബർ 15 വരെ ഗതാഗതക്രമീകരണമുണ്ടാകും. ചൊവ്വ പുലർച്ചെമുതൽ തേവര-–-കുണ്ടന്നൂർ, അലക്സാണ്ടർ പറമ്പിത്തറ പാലങ്ങളിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. വലിയ വാഹനങ്ങൾക്ക് രാത്രി ഒമ്പതുമുതൽ പുലർച്ചെ ആറുവരെമാത്രമാകും നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..