നെടുമ്പാശേരി
പാറക്കടവ് പഞ്ചായത്തിലെ ഭരണസ്തംഭനത്തിൽ പ്രതിഷേധവുമായി എൽഡിഎഫ് അംഗങ്ങൾ. ഹരിതകർമസേനയ്ക്ക് വാഹനം വാങ്ങുന്ന പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് അംഗങ്ങൾ പഞ്ചായത്തിലെ അടിയന്തരയോഗം ബഹിഷ്കരിച്ചു. കഴിഞ്ഞ മാർച്ചിനുമുമ്പ് തീർക്കേണ്ടവയിൽപ്പെട്ടതാണ് ഹരിതകർമസേനയ്ക്ക് വാഹനം വാങ്ങുന്ന പദ്ധതി. ഭരണസമിതിയുടെ നിരുത്തരവാദിത്വത്തെ ചോദ്യംചെയ്തായിരുന്നു എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. പദ്ധതി നടപ്പാക്കേണ്ടതില്ലെന്നാണ് ഭരണകക്ഷിയുടെ നിലപാട്. വീടുകളിൽനിന്ന് ശേഖരിക്കുന്ന പാഴ്‌വസ്തുക്കൾ ചാക്കുകണക്കിന് റോഡുകളിൽ ശേഖരിച്ചുവച്ചിരിക്കുകയാണ്. ഇത് എംസിഎഫിലേക്ക് കൊണ്ടുപോകുന്നതിനാണ് വാഹനം വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ, അത് പഞ്ചായത്ത് നടപ്പാക്കുന്നില്ല. ഇതിനെതിരെ എൽഡിഎഫ് അംഗങ്ങളോടൊപ്പം സ്വതന്ത്ര അംഗം സെബാസ്റ്റ്യൻ വാഴക്കാലയും യുഡിഎഫ് അംഗം കല്ലറയ്ക്കൽ പൗലോസും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ രാജമ്മ വാസുദേവനും യോഗം ബഹിഷ്കരിച്ചു. സെബാസ്റ്റ്യൻ വാഴക്കാല പ്രസിഡന്റിനെയും യുഡിഎഫ് അംഗങ്ങളെയും രണ്ട് ഉദ്യോഗസ്ഥരെയും മുറിയിലിട്ട് പൂട്ടിയാണ് പ്രതിഷേധിച്ചത്. ചെങ്ങമനാട് പൊലീസ് എത്തിയാണ് മുറി തുറന്നത്. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ തുടർന്നും ശക്തമായി പ്രതികരിക്കുമെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. അംഗങ്ങളായ ജിഷ ശ്യാം, പി ആർ രാജേഷ്, രാഹുൽ കൃഷ്ണൻ, ആശ ദിനേശൻ, മിനി ജയസൂര്യൻ, ശാരദ ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..