കളമശേരി
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡിൽ പൂത്തുനിൽക്കുന്ന പിങ്ക് പൂക്കൾ ആരുടെയും മനം കവരും. മരമായി വളർന്ന ചെടികളിൽ കാറ്റിലാടുന്ന പൂക്കുലകൾ മനോഹരകാഴ്ചയാണ്. റോഡിൽ വാഹനത്തിരക്കാണെങ്കിലും പൂക്കൾ കണ്ണിൽപ്പെടാതെ പോകാനാകില്ല. കളമശേരി ഭാഗത്തുനിന്ന് പുതിയ ആനവാതിൽ കടന്ന് മുന്നോട്ട് പോകുമ്പോൾ റെയിൽപ്പാളത്തിനായി റോഡിൽ നിർമിച്ച കോൺക്രീറ്റ് ബോക്സ് കഴിഞ്ഞയുടൻ മീഡിയനിൽ പൂമരങ്ങൾ കാണാം. മുന്നോട്ട് അരക്കിലോമീറ്ററിലേറെ നീളത്തിൽ ഇവ പൂത്തുലഞ്ഞുകിടപ്പാണ്. അലങ്കാരസസ്യമായി നട്ടുപിടിപ്പിച്ചതാണ് പൂമരങ്ങൾ.നല്ല സൂര്യപ്രകാശവും മിതമായി വെള്ളവും ലഭിച്ചാൽ നന്നായി വളരുന്ന പൂമരം തെക്കേ അമേരിക്കയിൽനിന്നെത്തിയ തബേബുയ റോസിയയാണ്. കുടുംബനാമം ബിഗ്‌നോണിയേസിയേ.
എൽസാൽവദോറിൽ മാക്വിലിഷുവറ്റ് എന്നറിയപ്പെടുന്ന തബേബുയ 1939 മുതൽ അവരുടെ ദേശീയമരമാണ്. സ്പാനിഷിൽ സാവന്ന ഓക്ക് എന്ന പേരും ഇതിനുണ്ട്. വിവിധ രോഗചികിത്സയ്ക്കും പൂക്കൾ ഉൾപ്പെടെയുള്ള തബേബുയ സസ്യഭാഗങ്ങൾ ഉപയോഗിക്കുന്നുണ്ട്. സാധാരണ വരൾച്ചക്കാലത്താണ് ഇവ നന്നായി പൂക്കുന്നത്. ഇലകൊഴിയുന്ന കാലത്ത് മരങ്ങളിൽ പൂക്കൾ മാത്രമാണുണ്ടാകുക.
കണ്ടെയ്നർ റോഡിൽ പിങ്ക് വസന്തം തീർത്ത പൂക്കൾ ഇതിനകം നിരവധി സമൂഹമാധ്യമങ്ങളിൽ ചിത്രവും കുറിപ്പുമായി വന്നു. ഈ പൂവ് ചെറി ബ്ലോസം ആണെന്ന് ആളുകൾ അവകാശപ്പെടുന്നതായി നിത്യവും ഇതുവഴി പോകുന്ന പാതാളം സ്വദേശി സിനി ജോയ്സൻ സമൂഹമാധ്യമത്തിൽ കുറിച്ചു. കണ്ടെയ്നർ റോഡിൽ പൂത്തുനിൽക്കുന്നതിനാൽ ഇതിനെ ‘കണ്ടെയ്നർ പിങ്കി' എന്ന് വിളിക്കാമെന്നാണ് തർക്കത്തിന് പരിഹാരമായി സിനി നിർദേശിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..