തൃക്കാക്കര
വാഴക്കാലയിൽ മൂന്നുനില വാണിജ്യ സമുച്ചയത്തിൽ വൻ തീപിടിത്തം. രണ്ടാംനിലയിലെ ഇന്റർനാഷണൽ ജിം പൂർണമായും കത്തിനശിച്ചു. ഫിറ്റ്നസ് ഹാളിൽ സ്‌ഥാപിച്ചിരുന്ന വ്യായാമ ഉപകരണങ്ങളെല്ലാം കത്തി. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബുധൻ പുലർച്ചെ രണ്ടോടെയായിരുന്നു തീപിടിത്തം. തൃക്കാക്കര, ഗാന്ധിനഗർ. തൃപ്പൂണിത്തുറ, ആലുവ, പട്ടിമറ്റം, ഏലൂർ, അങ്കമാലി എന്നീ അഗ്നി രക്ഷാനിലയങ്ങളിൽനിന്നുള്ള ഫയർ എൻജിനുകളെത്തി രണ്ടുമണിക്കൂർ പ്രയത്നിച്ചാണ് തീയണച്ചത്.
ജിമ്മിന് തൊട്ടുതാഴെ പ്രവർത്തിച്ചിരുന്ന മ്യൂസിക് ഷോപ്പിലും തീ പടർന്നു. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന ബൈക്കും കത്തി. രണ്ടാംനിലയിൽനിന്ന്
തീപിടിച്ച ബോർഡ് വീണാണ് ബൈക്ക് കത്തിയത്. അഗ്നി രക്ഷാസേനാ അടിയന്തര മുൻകരുതൽ കൈക്കൊണ്ടതിനാൽ താഴത്തെ നിലയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് തീ പടരുന്നത് തടയാനായി. കെട്ടിടത്തിലേക്കുള്ള വൈദ്യുത കമ്പികളും കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..