14 November Thursday

കലാമണ്ഡലം പഠന–പ്രദർശനകേന്ദ്രം ഫോർട്ട് കൊച്ചിയിലും

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024


മട്ടാഞ്ചേരി
കലാമണ്ഡലം പഠനകേന്ദ്രം ഫോർട്ട് കൊച്ചിയിലും വരുന്നു. സംസ്ഥാന ടൂറിസംവകുപ്പിന്റെ കീഴിലുള്ള കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ ഫോർട്ട്  കൊച്ചി ഫോക്‌ലോർ തിയറ്റർ സമുച്ചയത്തിലാണ് കലാമണ്ഡലം പഠന പ്രദർശനകേന്ദ്രം വരുന്നത്. ഇതിനായി സൊസൈറ്റിമുമ്പാകെ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ് കലാമണ്ഡലം അധികൃതർ. ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ അനുമതി ലഭിച്ചാൽ ഡിസംബറോടെ ഫോർട്ട് കൊച്ചിയിൽ കലാമണ്ഡലത്തിന്റെ ശാഖ തുടങ്ങാനാകും. ഇതോടെ കേരളീയ തനതുകലകൾ വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെമുന്നിൽ അവതരിപ്പിക്കാനാകും. കോവിഡിനുശേഷം അടഞ്ഞുകിടന്ന ഫോക്‌ലോർ തിയറ്റർ ഇപ്പോൾ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. കലാമണ്ഡലത്തിൽനിന്നുള്ള കലകൾ ആസ്വദിക്കാനും പഠിക്കാനും വിദേശികളും രാജ്യത്തിന്റെ മറ്റിടങ്ങളിൽനിന്നുള്ളവരുമെത്തുമെന്നത് ഫോർട്ട്  കൊച്ചിയുടെ വിനോദസഞ്ചാരമേഖലയ്‌ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്.

അടുത്ത അധ്യയനവർഷംമുതൽ പഠനകേന്ദ്രത്തിൽ പ്രവേശനവും കലാവതരണവുമുണ്ടാകുമെന്നാണ് കരുതുന്നത്. ഫോർട്ട് കൊച്ചിയുടെ ടൂറിസം സാധ്യതകൾകണ്ട് സ്വകാര്യസ്ഥാപനങ്ങളും ഫോക്‌ലോർ തിയറ്ററിനായി രംഗത്തുണ്ടെങ്കിലും കൽപ്പിത സർവകലാശാലയായ കലാമണ്ഡലത്തിന് ശാഖ തുടങ്ങാൻ മറ്റു തടസ്സങ്ങളൊന്നുമുണ്ടാകില്ലെന്നാണ് കരുതുന്നത്. ഫോക്‌ലോർ തിയറ്ററിലെ താഴത്തെനിലയിലാണ് കലാമണ്ഡലം കേന്ദ്രമൊരുങ്ങുക. ഓഫീസ്, സ്റ്റേജ്, ഗ്രീൻ റൂം, പഠനകേന്ദ്രം എന്നിവയാണ് ആദ്യഘട്ടത്തിലുണ്ടാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top