14 December Saturday

പൊളിച്ചിട്ട്‌ 10 വർഷം ; ആലുവ മാർക്കറ്റ്‌ തുടങ്ങിയിടത്തുതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024


ആലുവ
അതിവേഗത്തിൽ നിർമാണം പൂർത്തിയാക്കിയ എറണാകുളം മാർക്കറ്റ് സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യുമ്പോൾ ആലുവക്കാർ കടുത്ത നിരാശയിൽ. 2014 ആഗസ്‌ത്‌ 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കല്ലിട്ട ആലുവ മാർക്കറ്റ്, നിർമാണം തുടങ്ങാൻപോലും കഴിയാതെ ഇപ്പോഴും ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരമാണ്‌. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് പൊളിച്ചിട്ട് 10 വർഷമായി. താൽക്കാലിക ഷെഡിലാണ് ഇപ്പോഴും കച്ചവടം.
യുഡിഎഫ് ഭരിക്കുന്ന നഗരസഭയും കോൺഗ്രസിന്റെ എംഎൽഎയും ലോക്‌സഭാ, രാജ്യസഭാ എംപിമാരും തിരിഞ്ഞുനോക്കുന്നില്ല. ഒരുവർഷംമുമ്പ് ബിഹാർസ്വദേശിയായ നാലുവയസ്സകാരി ക്രൂരമായി കൊലചെയ്യപ്പെട്ടത് ആലുവ മാർക്കറ്റിനുപുറകിലുള്ള പുഴയോടുചേർന്ന മാലിന്യക്കൂമ്പാരത്തിലാണ്. കുട്ടിക്കുനേരെ കൊടുംപീഡനം നടന്നതും മൃതദേഹം ഒളിപ്പിച്ചതുമെല്ലാം നരകതുല്യമായ മാർക്കറ്റ് പരിസരത്താണ്. ഇതോടെയാണ് ആലുവ മാർക്കറ്റിന്റെ ദുർഗതി പുറംലോകം അറിഞ്ഞത്.

വിശദപദ്ധതിയും രൂപരേഖയും ഫണ്ടും ഇല്ലാതെയാണ് നഗരസഭയും എംഎൽഎയും ചേർന്ന് നവീകരണം എന്നപേരിൽ നിലവിലെ മാർക്കറ്റ് കെട്ടിടം പൊളിച്ചത്. എൽഡിഎഫ് സർക്കാർ കിഫ്ബി, നഗരകാര്യവകുപ്പ്‌ വഴി സഹായിക്കാമെന്ന് രണ്ടുവട്ടം അറിയിച്ചെങ്കിലും മതിയായ രേഖകൾ തയ്യാറാക്കി സഹായം സ്വീകരിച്ച് പണി പൂർത്തിയാക്കുന്നതിൽ നഗരസഭ  പരാജയപ്പെട്ടു. മാർക്കറ്റ് നിർമാണം വൈകുന്നതിലൂടെ ആലുവ നഗരസഭയ്‌ക്ക് കനത്ത സാമ്പത്തികനഷ്ടമാണ് ഉണ്ടാകുന്നത്. പെരിയാറിലേക്കാണ്‌ മാലിന്യം നിറഞ്ഞൊഴുകുന്നത്‌.

വഴിയോരക്കച്ചവടംമൂലം മാർക്കറ്റ് പരിസരംവഴിയുള്ള വാഹനയാത്ര ദുരിതപൂർണമായി. തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം തുടങ്ങി വിവിധ ജില്ലകളിലേക്ക് ചരക്ക് എത്തിക്കുന്ന പ്രധാന കേന്ദ്രമായിരുന്നു ആലുവ മാർക്കറ്റ്‌. മന്ത്രിമാരായ സജി ചെറിയാനും പി രാജീവും ഇടപെട്ടാണ് ഇപ്പോൾ മാർക്കറ്റ് നവീകരണത്തിനുള്ള ശ്രമങ്ങൾ നടത്തുന്നത്. കേന്ദ്ര-, സംസ്ഥാന സർക്കാരുകൾചേർന്ന് ആധുനിക മത്സ്യമാർക്കറ്റ് പദ്ധതിയിൽപ്പെടുത്തി 48.23 കോടി രൂപ ചെലവിൽ അത്യാധുനിക മാർക്കറ്റ് കെട്ടിടം നിർമിക്കുന്നതിനാണ് ശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top