കൊച്ചി
പ്രതീക്ഷയോടെ പുതുമാർക്കറ്റ് സമുച്ചയത്തിലേക്ക് എറണാകുളം മാർക്കറ്റിലെ കച്ചവടക്കാർ. ദീർഘനാളായി കാത്തിരുന്ന മാർക്കറ്റ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടന്നാലുടൻ കഴിയുന്നത്ര കടകൾ പ്രവർത്തിപ്പിക്കാനാണ് കച്ചവടക്കാരുടെ ശ്രമം. നാലുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കെട്ടിടത്തിൽ 275 കടകളാണുള്ളത്. കെട്ടിടത്തിന്റെ തനിമയും പുതുമയും ഒട്ടും നഷ്ടമാകാത്തതരത്തിലാണ് തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന താൽക്കാലിക മാർക്കറ്റിൽനിന്ന് പുതിയ കടകളിലേക്ക് സാധനങ്ങൾ മാറ്റുന്നത്. താഴത്തെനിലയിലെ പഴം, പച്ചക്കറി, മുട്ട, സ്‌റ്റേഷനറി സ്‌റ്റാളുകളിലേക്കാണ് കച്ചവടക്കാർ വെള്ളിയാഴ്‌ച സാധനങ്ങൾ മാറ്റിത്തുടങ്ങിയത്. സ്‌റ്റേഷനറി സാധനങ്ങളും ഫർണിച്ചറുകളും വെള്ളിയാഴ്‌ചതന്നെ മാറ്റി.
താഴത്തെനിലയിലെ 183 സ്‌റ്റാളുകൾ ഉള്ളതിൽ 100 എണ്ണമെങ്കിലും ഉദ്‌ഘാടനം കഴിഞ്ഞാലുടൻ പ്രവർത്തിപ്പിക്കണമെന്നാണ് കരുതുന്നതെന്ന് മാർക്കറ്റ് സ്‌റ്റാൾ ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹിയും പച്ചക്കറി വ്യാപാരിയുമായ ഷമീർ പറഞ്ഞു. കെട്ടിടം വൃത്തികേടാക്കാതിരിക്കാൻ, ആണിയടിക്കുന്നതിനും തട്ട് ഇടുന്നതിനും നിയന്ത്രണം ഉണ്ട്. ഒന്നാംനിലയിലാണ് മീനും ഇറച്ചിയും വിൽക്കുന്ന സ്‌റ്റാളുകൾ. ഇവ അടുത്ത ആഴ്‌ചമുതൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഷമീർ പറഞ്ഞു.
ഉദ്‌ഘാടനച്ചടങ്ങിൽ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന വ്യവസായമന്ത്രി പി രാജീവ് എന്നിവർ വിശിഷ്ടാതിഥികളാകും. മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്, കെ ജെ മാക്സി, ഉമ തോസ്, കെ ബാബു എന്നിവർ മുഖ്യാതിഥികളാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..