23 December Monday

ആദ്യ സമ്പൂർണ ഡിജിറ്റൽ
സാക്ഷരനഗരമായി മൂവാറ്റുപുഴ ; ജില്ലയിൽ ആദ്യം
ആയവന പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

ആയവന പഞ്ചായത്ത് ജില്ലയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ പഞ്ചായത്തുതല പ്രഖ്യാപനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ നിർവഹിച്ച് വളന്റിയർമാർക്ക് ഉപഹാരം നൽകുന്നു


മൂവാറ്റുപുഴ
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയായി മൂവാറ്റുപുഴയെ പ്രഖ്യാപിച്ചു. പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരകാര്യ ജോയിന്റ് ഡയറക്ടർ വി പ്രദീപ്‌കുമാർ പ്രഖ്യാപനം നടത്തി. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സമ്പൂർണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയിലൂടെയാണ് നഗരസഭ നേട്ടം കൈവരിച്ചത്. 

ജൂൺ 25ന്‌ പദ്ധതി തുടങ്ങി 50 ദിവസംകൊണ്ട് ലക്ഷ്യം കൈവരിച്ചു.  ഡിജി കേരള കോ–-ഓർഡിനേറ്ററും മാസ്റ്റർ ട്രെയിനറുമായ പി രജിതയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. നഗരസഭാപരിധിയിലെ എല്ലാ ജനങ്ങളുടെയും വിവരം ശേഖരിച്ചു. ആകെയുള്ള 8328 വീടുകളിൽ ആൾത്താമസമുള്ള 7854 വീട്ടിൽ നടത്തിയ സർവേയിൽ 14നും 64നും ഇടയിലുള്ള 1806 പേർ ഡിജിറ്റൽ സാക്ഷരരല്ലെന്ന് കണ്ടെത്തി. തുടർന്ന് 28 വാർഡുകളിലും ക്ലാസ് നടത്തി. കിടപ്പുരോഗികൾ, വയോധികർ തുടങ്ങിയവർക്ക് വീടുകളിൽ പരിശീലനം നൽകി.

മൊബൈൽ ഫോൺ ഓൺ, ഓഫ് ആക്കുന്നത് തുടങ്ങി ഓൺലൈൻ അപേക്ഷകൾ നൽകുന്നത്, സാമ്പത്തിക ഇടപാടുകൾ, സർക്കാർ സേവനങ്ങൾ അറിയുന്നതിനും സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിനും പരിശീലനം നൽകി. വിദ്യാർഥികൾ, ആശാ വർക്കർമാർ, അങ്കണവാടി അധ്യാപകർ, എന്‍എസ്എസ്, എന്‍സിസി, നെഹ്‌റു യുവകേന്ദ്ര, എസ്‌പിസി, കുടുംബശ്രീ, സാക്ഷരത മിഷന്‍, എസ്‌സി–-എസ്ടി പ്രൊമോട്ടര്‍മാര്‍, സന്നദ്ധസേന, ലൈബ്രറി കൗണ്‍സില്‍, യുവജനക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍, യുവതീയുവാക്കള്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി. 350 വളന്റിയർമാർ പ്രവർത്തിച്ചു. പ്രഖ്യാപനച്ചടങ്ങിൽ നഗരസഭാ ചെയർമാൻ പി പി എൽദോസ് അധ്യക്ഷനായി.

ജില്ലയിൽ ആദ്യം
ആയവന പഞ്ചായത്ത്
എറണാകുളം ജില്ലയിൽ ആദ്യമായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച് ആയവന പഞ്ചായത്ത്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ പഞ്ചായത്തുതല പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുറുമി അജീഷ് അധ്യക്ഷയായി. ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിവാഗോ തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടയ്ക്കോട്ട്, പഞ്ചായത്ത് സെക്രട്ടറി സി വി പാലോസ് തുടങ്ങിയവർ സംസാരിച്ചു. ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വളന്റിയർമാർക്ക് ഉപഹാരം നൽകി. പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top