കൊച്ചി
ജർമൻ സാങ്കേതികവിദ്യയിൽ കുണ്ടന്നൂർ–-തേവര പാലം റോഡിന്റെ നിർമാണം ഓണാവധിക്കുശേഷം ആരംഭിക്കുമെന്ന് സർക്കാരും കരാറുകാരനും ഹെെക്കോടതിയിൽ ഉറപ്പുനൽകി. നിർമാണത്തിനുശേഷം അഞ്ചുവർഷം അറ്റകുറ്റപ്പണികളും നിർവഹിക്കണമെന്ന വ്യവസ്ഥയോടെയാണ് കരാറെന്നും അറിയിച്ചു.
തുടർന്ന് റോഡ് നിർമാണം സംബന്ധിച്ച ഹർജികൾ ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.
കേന്ദ്ര ഉപരിതലമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ റോഡ് നിർമാണത്തിന് കരാർ നൽകിയതായി സർക്കാർ നേരത്തേ ഹെെക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കനത്ത മഴയിൽ റോഡ് തകർന്നതോടെ ജൂലെെയിൽ അറ്റകുറ്റപ്പണികളും നടത്തി. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിനുകീഴിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 2022ൽ 12.85 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നു. ഇതിന് 2023 മാർച്ചിൽ അനുമതി ലഭിച്ചു. ഒരുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ നവംബറിൽ കരാറും നൽകി. അതിനിടെ ഉപരിതല ഗതാഗതമന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ സ്ഥലപരിശോധനയിൽ നിർമാണത്തിന് കൂടുതൽ ഉറപ്പുള്ള മാർഗം വേണമെന്ന് നിർദേശിച്ചു. ഇതുപ്രകാരം നൽകിയ പുതിയ പദ്ധതിനിർദേശത്തിന് 2024 മേയിലാണ് അനുമതിയായത്.
ജൂണിൽ കാലവർഷം തുടങ്ങുമെന്നതിനാൽ മഴ കുറഞ്ഞശേഷം നിർമാണം തുടങ്ങാനാണ് ഉദ്ദേശിച്ചതെന്നും സർക്കാർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ബോബൻ നെടുംപറമ്പിൽ, അഡ്വ. ഷെറി ജെ തോമസ്, ജോമോൻ ആന്റണി, ആന്റണി നിൽട്ടൺ റെമലോ തുടങ്ങിയവർ നൽകിയ പൊതുതാൽപ്പര്യഹർജികളാണ് തീർപ്പാക്കിയത്. നിർമാണത്തിൽ അപാകം തോന്നിയാൽ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചു. സർക്കാരിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ കെ വി മനോജ്കുമാർ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..