കൊച്ചി
വേദനസംഹാരികളായ ട്രമഡോൾ, സ്‌പാസ്‌മോണിൽ ഗുളികകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽപ്പന നടത്തിയ മെഡിക്കൽ ഷോപ്പിന് നോട്ടീസ്. കടവന്ത്രയിലെ സ്‌പെക്‌ട്രം ഫാർമ മെഡിക്കൽ ഷോപ്പിനാണ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നോട്ടീസ് നൽകിയത്. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. വേദനസംഹാരിയായ ഈ ഗുളികകൾ ലഹരിമരുന്നായി ദുരുപയോഗിക്കാറുണ്ട്.
ഷോപ്പിൽ ലഹരിമരുന്ന് വിൽപ്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും ഡ്രഗ്സ് കൺട്രോൾ വിഭാഗവും പരിശോധന നടത്തിയത്. ജൂലൈമുതൽ സ്‌പെക്‌ട്രം ഫാർമയിൽ 20910 ട്രമഡോൾ ഗുളിക വാങ്ങിയതിൽ 18,535 ഗുളിക വിറ്റു. 2758 ഗുളികകളും വിറ്റത് രേഖകളൊന്നുമില്ലാതെയാണ്. ലഹരിവസ്തുവായി ദുരുപയോഗിക്കുന്ന സ്‌പാസ്‌മോണിൽ ഗുളികകളും കുറിപ്പടിയില്ലാതെ വിറ്റു. മെഡിക്കൽ ഷോപ്പിൽ സിഗരറ്റ് പേപ്പറുകളും വൻതോതിൽ കണ്ടെത്തി. ഇതിനും നോട്ടീസ് നൽകി. സ്ഥാപന ഉടമയ്ക്ക് ജില്ലയിൽ 13 മെഡിക്കൽ ഷോപ്പുണ്ട്. അവിടെയും പരിശോധിക്കും.
ട്രമഡോൾ ഗുളികകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ അഞ്ചു ഗ്രാംമുതൽ കൈവശം വയ്ക്കുന്നത് പത്തുവർഷംവരെ കഠിനതടവ് കിട്ടാവുന്ന കുറ്റമാണ്. മെഡിക്കൽ ഷോപ്പിൽനിന്ന് ഇത്തരം ഗുളികകൾ കുറിപ്പടിയില്ലാതെ വാങ്ങുന്നവരെ കണ്ടെത്താൻ എക്‌സൈസ് അന്വേഷണം തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..