കളമശേരി
സർക്കാരും നാട്ടുകാരും ഒത്തുചേർന്ന് സഹായിച്ചതോടെ ഏലൂരിലെ രമേശനും ജയയും തിരുവോണത്തിന് പുതിയവീട്ടിൽ സദ്യയുണ്ണുന്നതിന്റെ സന്തോഷത്തിലാണ്. ഏലൂർ നഗരസഭ നാലാം വാർഡിൽ വള്ളിക്കുറ്റി പറമ്പിൽ വീട്ടിലെ രമേശനും കുടുംബവുമാണ് ഞായറാഴ്‌ച പുതിയ വീടിന്റെ പാലുകാച്ചൽ നടത്തുന്നത്.
രമേശൻ സംസ്ഥാന പട്ടികജാതി വകുപ്പിൽനിന്ന് 2018ൽ ലഭിച്ച നാലരലക്ഷം രൂപയ്‌ക്ക് മൂന്നുസെന്റ് വാങ്ങിയിരുന്നു. വീടുവയ്‌ക്കാൻ മൂന്നുലക്ഷം രൂപ അനുവദിക്കുകയും ആദ്യഗഡു ലഭിക്കുകയും ചെയ്തു. എന്നാൽ, രോഗിയായ രമേശനും വീട്ടു ജോലി ചെയ്ത് കുടുംബം പുലർത്തുന്ന ജയക്കും കിട്ടിയ തുകകൊണ്ട് നിർമാണം പൂർത്തിയാക്കാനായില്ല. വർഷങ്ങളായി തറ മാത്രമായി കിടക്കുകയായിരുന്നു ഇവരുടെ വീടെന്ന സ്വപ്നം.
കുടുംബത്തിന്റെ അവസ്ഥ സിപിഐ എം ആലിങ്ങൽ ബ്രാഞ്ച് സെക്രട്ടറി കെ എസ് സൈനുദ്ദീൻ വാർഡ് കൗൺസിലർകൂടിയായ നഗരസഭാ ചെയർമാൻ എ ഡി സുജിലിനെ ധരിപ്പിച്ചു. ചെയർമാന്റെ ഇടപെടലിൽ എസ്‌സി വകുപ്പിൽനിന്ന് ലഭിക്കാനുള്ള ബാക്കിത്തുകയും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ ഒരുലക്ഷം രൂപയും ലഭിച്ചു. സുമനസ്സുകളുടെ സഹായവും ചേർന്നതോടെ 600 ചതുരശ്രയടിയിൽ വീടുപണി പൂർത്തിയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..