കൊച്ചി
സമഭാവനയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് മലയാളി ഒത്തൊരുമയോടെ ആഘോഷിക്കുന്ന തിരുവോണം ഇന്ന്. സ്ഥാപനങ്ങളിലും കൂട്ടായ്‌മകളിലും ഓണാഘോഷം നടത്തി ഞായറാഴ്‌ച സദ്യ ഒരുക്കി. ഞായറാഴ്‌ച തിരുവോണ സദ്യയൊരുക്കാനുള്ള അവസാനവട്ടത്തിലാണ് നാട്.
തിരുവോണത്തിനുള്ള അവസാന ഒരുക്കങ്ങൾക്കായി ഉത്രാട ദിവസമായ ശനിയാഴ്‌ച എറണാകുളത്തെ പ്രധാന വിപണന കേന്ദ്രമായ ബ്രോഡ്‌വേയിൽ തിരക്കായിരുന്നു. കോടിയും പച്ചക്കറിയും വാങ്ങാൻ ജനം ഒഴുകിയെത്തി. ജില്ലയ്‌ക്ക് പുറത്തു നിന്ന് വന്ന് താമസിച്ചവർ ഓണാഘോഷത്തിനായി നാട്ടിലേക്ക് മടങ്ങി. വസ്‌ത്ര വ്യാപാര കേന്ദ്രങ്ങളും പച്ചക്കറി കടകളും പലചരക്ക് കടകളും തുറന്നു പ്രവർത്തിച്ചു.
ഞായറാഴ്‌ച തിരുവോണം ആഘോഷിക്കാനുള്ള സദ്യ ഒരുക്കുന്നതിനായുള്ള വിഭവങ്ങൾ സംഘടിപ്പിക്കാൻ നഗരവാസികളും പുറത്തിറങ്ങി. പച്ചക്കറി കടകളാണ് ഏറെയും സജീവമായത്. പായസ കൗണ്ടറുകളും തുറന്നു പ്രവർത്തിച്ചു. സദ്യ വീടുകളിൽ ഒരുക്കാത്തവർ ഹോട്ടലുകളിൽ ബുക്ക് ചെയ്യാൻ ഓൺലൈനിൽ തിരഞ്ഞു. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ റിലീസ് ഇല്ലായിരുന്നുവെങ്കിലും തീയറ്ററുകളിലും തിരക്ക് അനുഭവപ്പെട്ടു. മാളുകളും വൈകുന്നേരത്തോടെ സജീവമായി. സ്‌കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും വെള്ളിയാഴ്‌ച തന്നെ ഓണാഘോഷങ്ങൾ അവസാനിച്ചിരുന്നു. പൂക്കടകൾ ശനിയാഴ്‌ചയും സജീവമായിരുന്നു. വൈകീട്ട് മറൈൻഡ്രൈവിലും മേനകയിലും വഴിയോര കച്ചവടം പൊടിപൊടിച്ചു. അതിഥി തൊഴിലാളികളും ദിവസ വേതനക്കാരും വഴിയോര കച്ചവടക്കാരോട് കോടിയുടുപ്പുകൾ വാങ്ങി മടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..